ധനസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാമ്പത്തിക സ്ഥിതി അപകടകരമായ നിലയിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെ സാധാരണക്കാരെ സഹായിക്കേണ്ട പദ്ധതികളൊക്കെ മുടങ്ങി. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള സംഭരണം തകര്‍ന്നു.

വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച് ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. 2020 ഡിസംബറില്‍ യു.ഡി.എഫ് ഇറക്കിയ ധവളപത്രത്തിലെ മുന്നറിയിപ്പുകള്‍ ശരിയാണെന്ന് നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

1999-2000 കാലഘട്ടത്തിലുണ്ടായതിനേക്കാള്‍ ഗുരുതരമായ സമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ധനസ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ധനസ്ഥിതി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണ്. അപകടകരമായ ധനസ്ഥിതിയെ കുറിച്ച് ചര്‍ച്ച ചെയ്യാതെ വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ പോര.

ബഫര്‍ സോണുമായി ബന്ധപ്പെട്ട് 20630 പരാതികള്‍ വന്നിട്ട് ഇന്നലെ വരെ 18 എണ്ണം മാത്രമാണ് പരിശോധിച്ചത്. ജനുവരി 11 സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളും അബദ്ധ പഞ്ചാംഗങ്ങളായി. രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ലക്ഷക്കണക്കിന് കെട്ടിടങ്ങളും ദേവാലയങ്ങളും കൃഷിയിടങ്ങളും സര്‍ക്കാര്‍ ഓഫീസുകലുമൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്.

വനാതിര്‍ത്തിയിലുള്ള സാധാരണക്കാര്‍ പരിഭ്രാന്തിയിലാണ്. സര്‍ക്കാരിന്റെ കഴിവുകേടിന്റെ ഏറ്റവും വലിയ അടയാളമായി ബഫര്‍ സോണ്‍ വിഷയം മാറിയിരിക്കുകയാണ്. 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഗ്രൗണ്ട് സര്‍വെയാണ് ഏഴ് മാസമായിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്നത്. എല്ലാ മേഖലകളിലും അപകടകരമായ നിലയിലേക്കാണ് സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുന്നത്.

Tags:    
News Summary - VD Satheesan wants the government to release a white paper on the financial situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.