സഹകരണ ബാങ്ക്: കെ.പി.സി.സി-യു.ഡി.എഫ് നേതൃത്വങ്ങള്‍ നേര്‍ക്കുനേര്‍

തിരുവനന്തപുരം: സഹകരണ ബാങ്ക് വിഷയത്തില്‍ നടത്തേണ്ട സമരത്തെച്ചൊല്ലി കെ.പി.സി.സി, യു.ഡി.എഫ് നേതൃത്വങ്ങള്‍ ഏറ്റുമുട്ടലിന്. സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന കേന്ദ്ര നിലപാടിനെതിരെ സംയുക്തസമരത്തിനില്ളെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ അപ്രതീക്ഷിത പ്രഖ്യാപനമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. തിങ്കളാഴ്ച ചേരുന്ന മുന്നണിയോഗം ഇതോടെ ഏറെ നിര്‍ണായകമാകും. സംയുക്തസമരത്തിന് സന്നദ്ധമാണെന്ന് കഴിഞ്ഞദിവസം യു.ഡി.എഫ് പ്രതിനിധിസംഘം മുഖ്യമന്ത്രിയെക്കണ്ട് അറിയിച്ചിരുന്നു. എന്നാല്‍, ഇതംഗീകരിക്കാന്‍ കഴിയില്ളെന്ന കടുത്തനിലപാടാണ് സുധീരന്‍േറത്. യു.ഡി.എഫ് നിയന്ത്രണത്തിലുള്ള 13 ജില്ല സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മുമായി സഹകരിച്ച് സമരംചെയ്യാന്‍ കഴിയില്ളെന്നാണ് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കുന്നത്. അതേസമയം, സുധീരന്‍െറ നീക്കം ബി.ജെ.പിക്ക് മേല്‍ക്കൈ നല്‍കുന്നതും സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധവുമാണെന്ന വികാരമാണ് യു.ഡി.എഫ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. ഈ നിലപാട് സംസ്ഥാന കോണ്‍ഗ്രസിലും കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

കറന്‍സി, സഹകരണ ബാങ്ക് വിഷയങ്ങളില്‍ ശക്തമായ സമരത്തിന് കഴിഞ്ഞ യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കഴിയുന്നതും ആരുമായും സഹകരിക്കാമെന്നാണ് സുധീരന്‍ സംബന്ധിക്കാതിരുന്ന അന്നത്തെ യു.ഡി.എഫ് യോഗത്തില്‍ ധാരണയായത്. ഇതനുസരിച്ചാണ് തൊട്ടടുത്തദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച യു.ഡി.എഫ് നേതാക്കള്‍ സഹകരണവിഷയത്തില്‍ സംയുക്തമായി നീങ്ങാനുള്ള സന്നദ്ധത അറിയിച്ചത്. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുംമുമ്പ് കെ.പി.സി.സി പ്രസിഡന്‍റിനെ അറിയിക്കാനോ അദ്ദേഹത്തിന്‍െറ അഭിപ്രായംതേടാനോ നേതാക്കളാരും ശ്രമിച്ചില്ല. ബി.ജെ.പിയുടെ വേരോട്ടം തടയാന്‍ കഴിയുന്ന വിഷയമെന്ന നിലയില്‍ മുസ്ലിം ലീഗ് നേതൃത്വം മുന്‍കൈയെടുത്താണ് സംയുക്തപോരാട്ടമെന്ന നിര്‍ദേശം മുന്നണിയോഗത്തില്‍ മുന്നോട്ടുവെച്ചത്. 

അതിനാല്‍തന്നെ ഈ ആശയം സുധീരന്‍ തള്ളിയതില്‍ ലീഗിന് ശക്തമായ അതൃപ്തിയുണ്ട്.  അതേസമയം, സംയുക്തസമരം നടത്താന്‍ മുന്നണിയോ കോണ്‍ഗ്രസോ തീരുമാനിച്ചില്ളെന്നാണ് സുധീരനെ പിന്തുണക്കുന്നവരുടെ നിലപാട്. യോജിച്ച പ്രക്ഷോഭത്തിന് സന്നദ്ധത അറിയിച്ചിട്ടും യു.ഡി.എഫിനെ പങ്കെടുപ്പിക്കാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആര്‍.ബി.ഐക്ക് മുന്നില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി സമരംനടത്തുകയായിരുന്നെന്നും അതിലൂടെ യു.ഡി.എഫിനെ അവഹേളിക്കുകയായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ സി.പി.എം രാഷ്ട്രീയം കളിച്ചെന്ന വാദം യു.ഡി.എഫിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അതിന്‍െറ പേരില്‍  ജനങ്ങളുടെ പൊതുപ്രശ്നത്തില്‍ സഹകരിക്കാതിരിക്കുന്നത് ഉചിതമല്ളെന്നാണ് അവരുടെ പക്ഷം.

Tags:    
News Summary - vm sudheeran vs UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.