സുധീരന്‍െറ വരവുപോലെ മടക്കവും അപ്രതീക്ഷിതം

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്കുള്ള വരവ് പോലെതന്നെ അപ്രതീക്ഷിതമായാണ് വി.എം. സുധീരന്‍െറ സ്ഥാനമൊഴിയലും.  കോണ്‍ഗ്രസിലെ രണ്ട് പ്രബല ഗ്രൂപ്പുകള്‍ ജി. കാര്‍ത്തികേയന്‍െറ പേരാണ് നിര്‍ദേശിച്ചതെങ്കിലും പാര്‍ട്ടിയെ നയിക്കാനുള്ള നിയോഗം മൂന്നുവര്‍ഷം മുമ്പ് ഹൈകമാന്‍ഡ് സുധീരനെ ഏല്‍പിക്കുകയായിരുന്നു. ഈ നടപടി ഗ്രൂപ് നേതാക്കളെ മാത്രമല്ല പ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ചു. അതേ അമ്പരപ്പാണ് വെള്ളിയാഴ്ച സുധീരന്‍ രാജി പ്രഖ്യാപിച്ചപ്പോഴും ഉണ്ടായത്.

സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ഇല്ലാതാക്കാന്‍ നിയോഗിക്കപ്പെട്ട സുധീരന് ലക്ഷ്യം നടപ്പാക്കാനായില്ളെന്നുമാത്രമല്ല ഗ്രൂപ് നേതാവെന്ന പേരുദോഷം കേള്‍ക്കേണ്ടിയും വന്നു. 2014 ഫെബ്രുവരി 10ന് കെ.പി.സി.സി പ്രസിഡന്‍റായി സ്ഥാനമേറ്റ സുധീരന്‍ ലോക്സഭ തെരഞ്ഞെടുപ്പ് എന്ന ആദ്യ കടമ്പ വിജയകരമായി കടന്നു. ആറന്മുള വിമാനത്താവളം, ക്വാറി വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായുള്ള നയപരമായ ഏറ്റുമുട്ടലിന് തുടക്കമിട്ടു. ബാര്‍ വിഷയത്തിലെ അയവില്ലാത്ത നിലപാട് യു.ഡി.എഫ് സര്‍ക്കാറിനെ വെള്ളംകുടിപ്പിച്ചു. ഒടുവില്‍ ബാറുകള്‍ നിരോധിക്കുന്ന നയത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമായി.

തുടര്‍ന്നുണ്ടായ ബാര്‍ കോഴക്കേസിലും കുറ്റക്കാരാണെങ്കില്‍ സംരക്ഷിക്കാനില്ളെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ മന്ത്രിയെപ്പോലും സംശയത്തിന്‍െറ മുള്‍മുനയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ അദ്ദേഹം തയാറായില്ല. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭൂമിദാനനീക്കം ഉണ്ടായപ്പോഴും പ്രതിപക്ഷത്തെക്കാള്‍ ശക്തമായി പ്രതികരിച്ചത് സുധീരനായിരുന്നു. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനം പാര്‍ട്ടിയിലും മുന്നണിയിലും ശത്രുക്കളെ നേടിക്കൊടുത്തെങ്കിലും സുധീരന്‍ പിന്മാറ്റത്തിന് ഒരുക്കമല്ലായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തിലും ഇതരനേതാക്കളില്‍നിന്ന് വ്യത്യസ്തനായി സുധീരന്‍. ആരോപണവിധേയരെയും സ്ഥിരംമുഖങ്ങളെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍െറ വാദം.

ആ ലക്ഷ്യം പൂര്‍ണമായി വിജയിപ്പിക്കാനായില്ളെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബഹനാന് സ്ഥാനാര്‍ഥിത്വം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. അതോടെ ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മിലെ അകല്‍ച്ച പൂര്‍ണമായി. നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന്‍െറ ഉത്തരവാദിത്തം സുധീരനുമേല്‍ കെട്ടിവെക്കാനാണ് പ്രമുഖ ഗ്രൂപ്പുകള്‍ ശ്രമിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധീരനെ പ്രസിഡന്‍റുസ്ഥാനത്തുനിന്ന് നീക്കാന്‍ ഇരുഗ്രൂപ്പും യോജിച്ച് നീങ്ങി. എന്നാല്‍, ഹൈകമാന്‍ഡ് ഇതിനോട് യോജിച്ചില്ല. പാര്‍ട്ടിയില്‍ ഗ്രൂപ്പിനതീതമായി കഴിവുള്ള നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് സുധീരന്‍ നടത്തിയത്.

ഇത് തങ്ങളുടെ ശക്തി ചോര്‍ത്തുമെന്ന് കണ്ട ഗ്രൂപ്പുകളുടെ അമരക്കാര്‍ സുധീരന്‍ ഗ്രൂപ്പുണ്ടാക്കുന്നെന്ന ആരോപണവുമായി രംഗത്തത്തെി.പുതിയ ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിനെ അവഗണിച്ചതോടെ സുധീരനെ സ്ഥാനത്തുനിന്ന് മാറ്റാതെ പാര്‍ട്ടിയുമായി സഹകരിക്കില്ളെന്ന നിലപാടിലേക്ക് ഉമ്മന്‍ ചാണ്ടി എത്തി. ചില പാര്‍ട്ടി പരിപാടികള്‍ ബഹിഷ്കരിക്കുകയും ചെയ്തു.

ഒടുവില്‍ രാഹുല്‍ഗാന്ധി ഇടപെട്ടാണ് പ്രശ്നം താല്‍ക്കാലികമായെങ്കിലും പരിഹരിച്ചത്. കടുത്ത നിലപാടില്‍നിന്ന് ഉമ്മന്‍ ചാണ്ടി പിന്മാറിയെങ്കിലും കെ.പി.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ എ ഗ്രൂപ്പിന്‍െറ സഹകരണം പൂര്‍ണമായിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണക്കാരന്‍ സുധീരനാണെന്ന, ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ കെ.സി. ജോസഫിന്‍െറ ദിവസങ്ങള്‍ക്കുമുമ്പുള്ള പരസ്യപ്രതികരണം അതിന് തെളിവാണ്.

Tags:    
News Summary - vm sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.