തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധി ആയുധമാക്കി വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണുവെച്ച് പാർട്ടികൾ. റിവ്യൂ ഹരജി നൽകണമെന്ന പ്രത്യക്ഷനിലപാട് സ്വീകരിച്ച ഏക പാർട്ടിയാണ് കോൺഗ്രസ്. കൈവിട്ടുപോയ ഹിന്ദു വോട്ട് ബാങ്ക് തിരിച്ചുപിടിക്കലാണ് ലക്ഷ്യം. അതേസമയം, വിധിയെ തള്ളാതെ കരക്കിരുന്ന്, കോൺഗ്രസ് കലക്കുന്ന വെള്ളത്തിൽ മീൻപിടിക്കാനാണ് സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും നീക്കം.
ഹിന്ദു വോട്ട് ബാങ്ക് ചോർച്ചയാണ് 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വെല്ലുവിളി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അത് അടിവരയിട്ടു. സമുദായ സംഘടനകളെ ഒപ്പം നിർത്തുക എന്ന തന്ത്രം പിണറായി വിജയൻ വിജയകരമായി പയറ്റി. ഹിന്ദുവോട്ട് തിരിച്ചുപിടിക്കാനാണ് പ്രതിപക്ഷനേതാവ് കൂടാതെ, ഹിന്ദുക്കളായ മൂന്ന് പേരെ കെ.പി.സി.സി നേതൃസ്ഥാനത്ത് കൊണ്ടുവന്നതെന്ന വാദം പാർട്ടിയിലുണ്ട്.
സമുദായപരിഷ്കരണത്തിനെതിരെ മുമ്പും ഹിന്ദുക്കളിൽനിന്ന് എതിർപ്പുണ്ടായിട്ടുണ്ടെങ്കിലും പിന്നീട് വഴിമാറിയ ചരിത്രമുണ്ട്. ഇത് പരിഗണിക്കാതെയുള്ള എടുത്തുചാട്ടമാണ് റിവ്യൂഹരജി നൽകണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെന്നും ആക്ഷേപമുണ്ട്. കെ.പി.സി.സി തലത്തിലും ചർച്ച നടന്നില്ല. ആചാരസംരക്ഷകരായി നിൽക്കുന്നുവെന്ന സന്ദേശം വോട്ട് ബാങ്കിൽ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലാണ് കോൺഗ്രസിനെന്നാണ് രമേശ് അനുകൂലികളുടെ വാദം. മുത്തലാഖ്, കന്യാസ്ത്രീ സമരം വിഷയങ്ങളിലെ നിലപാട് ഉദാഹരണമായി പറയുന്നു. എന്നാൽ, ബാബരി മസ്ജിദ് വിഷയത്തിൽ ഭൂരിപക്ഷനിലപാട് വാദം സംഘ്പരിവാർ ഉയർത്തുന്നതോടെ നഷ്ടം കോൺഗ്രസിനാവുമെന്ന അഭിപ്രായമാണ് മറുഭാഗത്തിന്. ബി.ജെ.പിയും ആർ.എസ്.എസും ശബരിമലവിധി ചോദ്യം ചെയ്തിട്ടില്ല. എന്നാൽ, സംഘ്പരിവാർ അനുകൂല സംഘടനകൾ എതിർപ്പുമായി ‘വിശ്വാസികളെ’ അണിനിരത്താൻ നീക്കം തുടങ്ങിയിട്ടുണ്ട്. വിധി സ്വാഗതം ചെയ്ത സി.പി.എമ്മും സർക്കാറും തന്ത്രപൂർവം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻറിെൻറ വാക്കുകൾക്ക് കടിഞ്ഞാണിടുന്നുമില്ല. കോൺഗ്രസ് കലക്കിയ ശബരിമല വിഷയത്തിലെ ഫലം മുഴുവനായി ബി.ജെ.പിക്ക് പോകരുതെന്ന തന്ത്രമാണ് ഇതിനുപിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.