ഇടതുപക്ഷത്തിന്‍റെ ഉപദേശം കോൺഗ്രസ് പരിഗണിച്ചപ്പോഴെല്ലാം രാജ്യത്തിനും പാർട്ടിക്കും ഗുണംചെയ്തു -യെച്ചൂരി

ന്യൂഡൽഹി: ഇടതുപക്ഷത്തിന്‍റെ ഉപദേശങ്ങൾ കോൺഗ്രസ് ഗൗരവത്തോടെ പരിഗണിച്ചപ്പോഴെല്ലാം അത് രാജ്യത്തിനും കോൺഗ്രസിനും ഗുണംചെയ്തിരുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ നല്ല കാലത്തിലേക്ക് നയിക്കാൻ മതനിരപേക്ഷ കക്ഷികൾ ഒന്നിച്ച് നീങ്ങണമെന്നും യെച്ചൂരി പറഞ്ഞു. പ്രണബ് മുഖർജി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം യു.പി.എ സർക്കാറിന്‍റെ കാലത്ത് കോൺഗ്രസിനെയും ഇടത് പാർട്ടികളെയും ഒന്നിച്ചുകൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിച്ചയാളായിരുന്നു പ്രണബ് മുഖർജിയെന്ന് യെച്ചൂരി അനുസ്മരിച്ചു.

വൈരുദ്ധ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും വിപരീതങ്ങളെ ഒന്നിപ്പിക്കുന്നതിനുമുള്ള കല മുഖർജിക്ക് അറിയാമായിരുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ''ഞങ്ങളെ ഉപദേശിക്കാനും നയിക്കാനും അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് കൂടുതൽ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ നല്ല നാളുകൾക്കായി, മതേതര ശക്തികൾ ഒരുമിച്ച് പ്രവർത്തിക്കണം. ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ഞാൻ പ്രണബ് മുഖർജിയിൽ നിന്ന് പഠിച്ചത്, ആധുനിക ഇന്ത്യയുടെ നിർമാണത്തിൽ പ്രണബ് മുഖർജിയുടെ ജീവിതത്തിനും പ്രവർത്തനത്തിനും വിസ്മരിക്കാനാവാത്ത വിലയുണ്ട്,'' സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം, അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിൽ കോൺഗ്രസും സി.പി.എമ്മും കൈകോർക്കാനൊരുങ്ങുകയാണ്. സീതാറാം യെച്ചൂരി ഞായറാഴ്ച ത്രിപുരയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് അജോയ് കുമാറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കോൺഗ്രസും സി.പി.എമ്മും മറ്റ് ഇടതുപാർട്ടികളും മത്സരിക്കുന്ന സീറ്റുകൾ കണ്ടെത്താനും സീറ്റ് വിഭജനം അന്തിമമാക്കാനും ഇരുപാർട്ടികളിലെയും നേതാക്കളുടെ കമ്മിറ്റി രൂപീകരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇന്നും നാളെയുമായി അഗർത്തലയിൽ ചേരുന്ന സി.പി.എമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം സഖ്യത്തിന് അന്തിമ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിപ്ര മോത പാർട്ടിയുടെ ചെയർപേഴ്‌സൺ പ്രദ്യോത് മാണിക്യ ദേബ്ബർമൻ തന്റെ പാർട്ടിക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളിൽ തെരഞ്ഞെടുപ്പ് ധാരണയ്ക്കായി കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് യെച്ചൂരിയും അജോയ് കുമാറും കൂടിക്കാഴ്ച നടത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി പ്രദ്യോത് നേരിട്ട് ബന്ധപ്പെട്ടതായും സൂചനയുണ്ട്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് സി.പി.എം ഉൾപ്പടെയുള്ള ഇടത് പാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കുന്നത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - whenever the Congress took the Left's advice seriously it benefited the party and India -yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.