പാലായിൽ ജോസ്​ കെ. മാണി ‘പത്​മ’വ്യൂഹത്തിൽ...?

കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പാർട്ടിക്കുള്ളിലെ പടലപ്പിണക്കത്തിനും കോൺഗ്രസി​​ ​​െൻറ തിരിഞ്ഞുകുത്തലിനും പുറമെ സംഘപരിവാറി​​​​െൻറ ഇടപെടലും ജോസ് കെ. മാണിക്ക് തലേവദനയാകുന്നു. ഒരേ സമയം മൂന്ന് യുദ്ധമുഖങ്ങൾ തുറക്കേണ്ട ഗതികേടിലാണ് യുവ നേതാവ്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ക്രൈസ്തവർക്ക് സ്വാധീനം കൂടുതല ുള്ള പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തങ്ങൾ അപകടം മണത്തതാണെന്ന് മാണി വിഭാഗം നേതാക്കൾ പറയുന് നു. രാജ്യത്ത് ഏറ്റവും കൂടുതൽ വൈദികരെയും കന്യാസ്ത്രീകളെയും സൃഷ്ടിച്ച മണ്ഡലമായ പാലായിൽ സംഘപരിവാറിന് പ്രത്യേക ത ാൽപര്യമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധത തങ്ങൾക്ക് നേരെയും ഉണ്ടായേക്കാമെന്ന ് ക്രൈസ്തവ സമുദായ നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ആകെയുള്ള 1,77550 വോട്ടർമാരിൽ ഏ കദേശം 43 ശതമാനമാണ് ഹൈന്ദവ വോട്ടുകൾ. ശബരിമല പ്രശ്നം കത്തി നിന്നിട്ടും കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ ഹൈന്ദവ സ്ത്രീ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമാക്കി മാറ്റാൻ സംഘപരിവാറിന് കഴിഞ്ഞിരുന്നില്ല. ഇതിന് കാരണം ക്രൈസ്തവനായ പി.സി. തോമസ് സ്ഥാനാർത്ഥിയായതിനാലാണെന്ന് പരിവാർ നേതൃത്വം കരുതുന്നു. അതേസമയം, 2014 മുതൽ 2019 വരെയുള്ള തെരഞ്ഞെടുപ്പുകൾ വിശകലനം ചെയ്തതിൽ നിന്ന് ഇടതുമുന്നണിക്ക് ഏകദേശം 20,000 വോട്ടുകൾ പാലായിൽ കുറഞ്ഞിട്ടുണ്ടെന്നാണ് സംഘപരിവാറിൻെറ കണ്ടെത്തൽ. പാലായിലെ ഇടതുമുന്നണി വോട്ട് എന്നാൽ ക്രൈസ്തവേതര വോട്ടുകളാണെന്ന് ബി.ജെ.പി. പറയുന്നു. പി.സി. തോമസിന് പകരം ബി.ജെ.പിയുടെ സ്വന്തം സ്ഥാനാർത്ഥിയാണ് മൽസരിച്ചിരുന്നതെങ്കിൽ കുറഞ്ഞത് 15,000 വോട്ടുകൾ അധികം കിട്ടുമായിരുന്നുവെന്നാണ്​ അവർ അവകാശപ്പെടുന്നത്​. അതിനാൽ ഇക്കുറി ബി.ജെ.പിയുടെ സ്വന്തം സ്ഥാനാർത്ഥിയെ രംഗത്തിറക്കാനുള്ള തയാറെടുപ്പിലാണ് സംഘപരിവാർ.

മുൻ തെരഞ്ഞെടുപ്പുകളിൽ മുന്നണികളുടെ വോട്ട് വിഹിതം ഇങ്ങനെയാണ്.
2014 ലോക്​സഭ: യു.ഡി.എഫ് - 66,968, എൽ.ഡി.എഫ് -35,569, ബി.ജെ.പി - 8533.
2016 നിയമസഭ: യു.ഡി.എഫ് - 58,884, എൽ.ഡി.എഫ് - 54,181, ബി.ജെ.പി - 2482.
2019 ലോക്​സഭ - യു.ഡി.എഫ് - 66,971, എൽ.ഡി.എഫ് - 33,499, ബി.ജെ.പി - 26,533
2019 ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കുറഞ്ഞ 20682 വോട്ടുകൾ ഉപതെരഞ്ഞെടുപ്പിൽ ആരുടെ പെട്ടിയിൽ വീഴുമെന്നതും ആകെ പോൾ ചെയ്ത വോട്ടിൽ കുറവുവന്ന 10,883 വോട്ടുകൾ ഇത്തവണ ആർക്ക് കിട്ടുമെന്നതും നിർണായകമാണ്.

അതായത്, പുറംലോകം ക്രൈസ്തവ കോട്ടയായി കാണുന്ന പാലായിലെ വോട്ടുകൾ പരമ്പരാഗത ശൈലിയിൽ മൂന്ന് മുന്നണികൾക്കായി വീതം വെച്ചുപോകും എന്ന് ഇക്കുറി കരുതാനാവില്ല. ബി.ജെ.പിക്ക് പിന്നിൽ ഹൈന്ദവ വോട്ടുകൾ ധ്രുവീകരിച്ചാൽ പാലായിൽ അട്ടിമറി നടത്താമെന്നാണ്​ ബി.ജെ.പി നേതൃത്വത്തിൻെറ കണക്കുകൂട്ടൽ. ശബരിമല വിഷയത്തിൽ ഇടതുമുന്നണിക്ക് ലഭിക്കാതെപോയ 20,000 വോട്ട് സ്വന്തമാക്കിയാൽ മണ്ഡലം തന്നെ പിടിച്ചടക്കാമെന്നും ബി.ജെ.പിയുടെ കണക്കിലുണ്ട്​.

കെ.എം. മാണി മൽസരിച്ചപ്പോഴൊക്കെ ജാതി മത ചിന്തകൾക്ക് അതീതമായാണ് വോട്ടുകൾ വീണിരുന്നത്. ജോസ് കെ. മാണിയും തോമസ് ചാഴിക്കാടനും ലോക്​സഭയിലേക്ക് മൽസരിച്ചപ്പോഴും ഇത് തന്നെയായിരുന്നു സംഭവിച്ചത. 2014 ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്ക് 31,399 വോട്ടി​​​​െൻറ ഭൂരിപക്ഷം പാലായിൽ കിട്ടിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോമസ് ചാഴിക്കാടന് 33,472 വോട്ടിൻെറ ഭൂരിപക്ഷമായി അതുയർന്നു.

ബാർകോഴ കേസുണ്ടായ കാലം മുതൽ മാണി വിഭാഗത്തെ തകർക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, സംഘപരിവാർ ഭീഷണി കണക്കിലെടുത്തിട്ടില്ലെന്ന് വേണം കരുതാൻ. ജോസ് കെ. മാണി മൽസരിക്കുന്നതിനെ എതിർക്കുന്ന കോൺഗ്രസിന് ജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ ചൂണ്ടിക്കാണിക്കാൻ പോലും കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് തരംഗമുണ്ടായ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് വോട്ടുകൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന് കിട്ടിയത് 73,894 വോട്ടുകളാണ്. എന്നാൽ ചാഴിക്കാടന് ഇക്കുറി കോട്ടയത്ത്​ കിട്ടിയത് 54,831 വോട്ടുകൾ മാത്രവും. ഇല്ലാതായത് 19063 വോട്ടുകൾ. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ 7786 വോട്ടുകൾ ചാഴിക്കാടന് കുറഞ്ഞിരുന്നു. കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്നുള്ള സഹതാപതരംഗം മറ്റ് മണ്ഡലങ്ങളിൽ ആഞ്ഞടിച്ചപ്പോഴാണ് കോൺഗ്രസ് നേതാക്കളുടെ മണ്ഡലത്തിൽ വോട്ട് ചോർന്നത്. ഇക്കുറിയും സ്ഥാനാർത്ഥി നിർണയം മുതൽ കാലുവാരൽ തുടർന്നാൽ പാലായിൽ താമര വിരിഞ്ഞാലും അത്ഭുതപ്പെടാനില്ല.

ഏതായാലും രാഷ്ട്രീയ ചാണക്യൻ എന്നറിയപ്പെട്ടിരുന്ന കെ.എം. മാണിയുടെ രാഷ്ട്രീയ പിൻഗാമിയാകാൻ എന്തുകൊണ്ടും അനുയോജ്യനാണെന്ന് തെളിയിക്കാൻ ജോസ് കെ. മാണിക്ക് കിട്ടിയ അവസരം കൂടിയാണിത്. താരതമ്യേന സംഘ്​പരിവാര ഭീഷണിയില്ലാതിരുന്ന പാലായിൽ ഇടതു മുണന്നണിക്കും സ്വന്തം മുന്നണിയിലെ പടലപ്പിണക്കത്തിനും പുറമെ ബി.ജെ.യുടെ ആക്രമണം കൂടിയാകുന്നതോടെ പത്​മവ്യുഹത്തിൽ അക​പ്പെട്ട നിലയിലാണ്​ ജോസ്​ കെ. മാണിയെന്ന യുവ നേതാവ്​.

Tags:    
News Summary - Will BJP make it difficult to Jose K Mani in Pala bye election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.