മഹാരാഷ്ട്ര: സർക്കാർ രൂപവത്കരണത്തിന് വഴി തേടുമെന്ന് എൻ.സി.പി

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ രാഷ്ട്രീയ നീക്കങ്ങളുമായി എൻ.സി.പി. ബി.ജെ.പി-ശിവസേന സഖ്യം ഒത്തുതീർപ്പിലെത്തുന്നില്ലെങ്കിൽ സർക്കാർ രൂപവത്കരണത്തിനുള്ള മാർഗം തേടുമെന്ന് എൻ.സി.പി വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നായിരുന്നു നേരത്തെ ശരദ് പവാർ നിലപാടെടുത്തിരുന്നത്.

ശിവസേനയും ബി.ജെ.പിയും ചേർന്ന് സർക്കാർ രൂപവത്കരിച്ചില്ലെങ്കിൽ എൻ.സി.പി സർക്കാർ രൂപവത്കരണത്തിന് വഴി തേടുമെന്ന് പാർട്ടി വക്താവ് നവാബ് മാലിക് പറഞ്ഞു. ആരും തങ്ങൾക്ക് തൊട്ടുകൂടാത്തവരല്ല.

ഗവർണർ ഭരണത്തെ കുറിച്ചാണ് ബി.ജെ.പി ഇപ്പോൾ പറയുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് നടത്തുന്നത് അതിന് വേണ്ടിയല്ല. രാഷ്ട്രീയ നാടകങ്ങൾ ജനം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന ശിവജിയുടെ ആശയമാണ് പിന്തുടരുന്നത്. ഹിന്ദുവിനെയും മുസ്ലിംകളെയും ശിവജി വേർതിരിച്ച് കണ്ടിരുന്നില്ല. അതേസമയം, ബി.ജെ.പിക്ക് ഒരു തരത്തിലുള്ള പിന്തുണയും ഉണ്ടാവില്ലെന്നും നവാബ് മാലിക് പറഞ്ഞു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടിയെങ്കിലും ബി.ജെ.പി-ശിവസേന സഖ്യം സർക്കാർ രൂപവത്കരണ കാര്യത്തിൽ ഒത്തുതീർപ്പിലെത്തിയിട്ടില്ല. മുഖ്യമന്ത്രി പദം തുല്യ കാലയളവിൽ പങ്കുവെക്കണമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാൻ ബി.ജെ.പി തയാറായിട്ടില്ല.

ബി.ജെ.പി സമവായത്തിന് ഒരുക്കമല്ലെങ്കിൽ സർക്കാർ രൂപീകരിക്കാൻ മറ്റ് മാർഗങ്ങൾ തേടുമെന്നും അധികാരത്തിന്‍റെ റിമോട്ട് കൺട്രോൾ തങ്ങളുടെ കൈയിലാണെന്നും ശിവസേന വ്യക്തമാക്കിയിരുന്നു.

ശിവസേന-ബി.ജെ.പി സഖ്യത്തിന് 161 സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പിക്ക് 105ഉം ശിവസേനക്ക് 56ഉം. കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന് 98 സീറ്റുകളാണുള്ളത്. 288 അംഗ നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാൻ 145 പേരുടെ പിന്തുണയാണ് ആവശ്യം.

Tags:    
News Summary - Will seek ways to form govt if no BJP-Sena alliance in Maharashtra: NCP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.