തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൽ മുഴുവൻ പദവികളും പങ്കിെട്ടടുക്കാൻ എ, െഎ ഗ്രൂപ്പ് ധാരണ. വീതംവെപ്പിനെതിരെ ഗ്രൂപ്പുകളിൽ ഇല്ലാത്തവർ രംഗത്തിറങ്ങിയതിനു പിന്നാലെ ജനപ്രതിനിധികൾ ഭാരവാഹികളാകുന്നതിനെതിരെ ഒരു വിഭാഗം കെ.പി.സി.സി പ്രസിഡൻറിനെ സമീപിച്ചു. എ, െഎ ഗ്രൂപ്പ് നേതാക്കൾ കഴിഞ്ഞദിവസം എം.എൽ.എ ഹോസ്റ്റലിൽ യോഗം ചേർന്നാണ് ധാരണയുണ്ടാക്കിയത്. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച ദേശീയ നേതൃത്വത്തിെൻറ നിർദേശം ഗൗനിക്കാതെയാണ് സമവായം. ധാരണ പ്രകാരം സംസ്ഥാന അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനാണ്.
ഇൗ സ്ഥാനത്തേക്ക് ഷാഫി പറമ്പിൽ എം.എൽ.എയെ നിയോഗിക്കും. ഏക വൈസ് പ്രസിഡൻറ് മാത്രമാണെങ്കിൽ െഎ പക്ഷത്തെ കെ.എസ്. ശബരീനാഥ് എം.എൽ.എ പദവിയിലെത്തും. ഇത് ദേശീയ നേതൃത്വം അംഗീകരിച്ചില്ലെങ്കിൽ മികവ് പട്ടികയിൽനിന്ന് എം.പി, എം.എൽ.എമാർ ഒഴികെ ആറുപേരെയും വൈസ് പ്രസിഡൻറ് ആക്കുകയും ശബരീനാഥിനെ ദേശീയ സെക്രട്ടറിയാക്കുകയും െചയ്യാമെന്നാണു ധാരണ. നാല് വൈസ് പ്രസിഡൻറുമാർ മതിെയന്നാണ് ദേശീയ നേതൃത്വം അറിയിച്ചത്. അതിന് അനുസൃതമായാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കിയതും.
സംസ്ഥാന ജന. സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളും ജില്ല പ്രസിഡൻറ് സ്ഥാനങ്ങളും പങ്കിടാനും സമവായമായി. 11 സംസ്ഥാന ജന. സെക്രട്ടറി സ്ഥാനങ്ങളിൽ ആറ് എ ക്കും അഞ്ച് െഎ ക്കും ലഭിക്കും. 14 സെക്രട്ടറി സ്ഥാനങ്ങൾ തുല്യമായി പങ്കിടും. ജില്ല പ്രസിഡൻറ്് സ്ഥാനം എട്ട് എ ഗ്രൂപ്പിനും ആറ് െഎ ഗ്രൂപ്പിനും. ഒാരോ ഗ്രൂപ്പിനും ലഭിക്കുന്ന ജില്ലയിൽ അന്തിമധാരണയായിട്ടില്ല.
ദേശീയ നേതൃത്വത്തിെൻറ അംഗീകാരം നേടി പുനഃസംഘടന പൂർത്തീകരിക്കാനാണ് നീക്കമെങ്കിലും എതിർപ്പുള്ളവർ രംഗത്തെത്തിക്കഴിഞ്ഞു. സ്ഥാനങ്ങൾ രണ്ട് ഗ്രൂപ്പുകൾ മാത്രം പങ്കിട്ടാൽ പോരെന്നാണ് വാദം. ഗ്രൂപ്പുകളിൽനിന്ന് അകലം പാലിക്കുന്നവർ തഴയപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ജനപ്രതിനിധികൾ നേതൃത്വത്തിലേക്ക് വരുന്നതിലെ വിയോജിപ്പ് ഒരു സംഘം യുവനേതാക്കൾ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ച് പരാതി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.