ന്യൂഡൽഹി: മുതിർന്ന നേതാക്കൾക്കെതിരെ കോൺഗ്രസിൽ കലാപം ഉയർത്തിയ യുവനേതാക്കൾ പ്രതിക്കൂട്ടിൽ. യുവാക്കളുടെ അധിക്ഷേപ വാക്കുകൾ ചൂണ്ടിക്കാട്ടി മുതിർന്ന നേതാക്കൾ ഹൈകമാൻഡിനെ സമീപിച്ചു. മോശം പരാമർശം നടത്തിയ യുവനേതാക്കൾക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് ആവശ്യം. രാജ്യസഭ വൃദ്ധസദനമാക്കുന്നു, വൈദ്യശാസ്ത്രം തോൽക്കാതെ കോൺഗ്രസിൽ യുവാക്കൾക്ക് രക്ഷയില്ല തുടങ്ങിയ പരാമർശങ്ങളോടെ പി.ജെ. കുര്യൻ, വയലാർ രവി തുടങ്ങിയവർെക്കതിരെ വെടിപൊട്ടിച്ചവർക്കു നേരെയാണ് രോഷം.
വീട്ടിൽ മുതിർന്നവരോടുള്ള സമീപനവും ഇതുതന്നെയാണോ എന്ന ചോദ്യവുമായി കുര്യനും രവിയും യുവാക്കൾക്കെതിരെ പരസ്യമായി തിരിച്ചടിച്ചിരുന്നു. യുവാക്കൾക്ക് അർഹമായ അവസരം കൊടുക്കണമെന്ന് വാദിക്കുന്ന മുതിർന്ന നേതാക്കളെക്കൂടി വെട്ടിലാക്കുന്ന കടുത്ത പരാമർശങ്ങളാണ് യുവനേതാക്കൾ നടത്തിയതെന്ന ചർച്ചയാണ് കോൺഗ്രസിൽ നടക്കുന്നത്. പാർട്ടിക്കുവേണ്ടി വലിയ സംഭാവനകൾ നൽകിയവരെ അപമാനിച്ച് ഇറക്കിവിടാനാണ് ഒരുവിഭാഗം ശ്രമിച്ചതെന്നാണ് കുറ്റപ്പെടുത്തൽ. യുവാക്കളുടെ വാദഗതിയെ ദുർബലപ്പെടുത്താനാണ് ഫലത്തിൽ വിവാദ പരാമർശങ്ങൾ ഉപകരിച്ചത്.
റോജി എം. ജോൺ, ഹൈബി ഇൗഡൻ, വി.ടി. ബൽറാം, ഷാഫി പറമ്പിൽ, റിജിൽ മാക്കുറ്റി, അനിൽ അക്കര തുടങ്ങിയവരാണ് അതിരുവിട്ട പരാമർശങ്ങളുടെ പേരിൽ പ്രതിക്കൂട്ടിലായത്. ഇവർ മുന്നോട്ടുവെക്കുന്ന ആശയത്തെ പിന്തുണക്കുന്നവർ പോലും ഉപയോഗിച്ച വാക്കുകൾ അംഗീകരിക്കുന്നില്ല. തലമുറമാറ്റം എന്നതുകൊണ്ട്, മുതിർന്നവരെ അപ്പാടെ വെട്ടിനിരത്തുകയല്ല, മുതിർന്നവരുടെ അനുഭവസമ്പത്ത് യുവാക്കളിലൂടെ ഉപയോഗപ്പെടുത്തി കോൺഗ്രസിനെ വളർത്തുക എന്നതാകണമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
രാജ്യസഭ സ്ഥാനാർഥി, പുതിയ കെ.പി.സി.സി പ്രസിഡൻറ്, യു.ഡി.എഫ് കൺവീനർ എന്നിവരെ കണ്ടെത്താൻ ബുധനാഴ്ച മുതൽ ഡൽഹിയിൽ ചർച്ച തുടങ്ങുകയാണ്. അതിൽ യുവപ്രാതിനിധ്യ വിഷയം ഉയർത്തിക്കൊണ്ടുവരാൻ കളത്തിലിറങ്ങിയ യുവാക്കളെ മെരുക്കാൻ ‘വൃദ്ധനിര’ കൂട്ടത്തോടെ അണിനിരക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.