കരുതിയിരിക്കുക, ലോകം ‘അവസാനിക്കാൻ’ ഇനി ആകെ ബാക്കിയുള്ളത് 90 സെക്കൻഡ് മാത്രം. അമേരിക്കയിലെ ബുള്ളറ്റിൻ ഓഫ് ആറ്റോമിക് സയന്റിസ്റ്റ്സ് സയൻസ് ആൻഡ് സെക്യൂരിറ്റി ബോർഡിന്റെതാണ് മുന്നറിയിപ്പ്. കേട്ടാൽ തോന്നുക, ഒന്നര മിനിറ്റുകൊണ്ട് ലോകം അവസാനിക്കുമെന്നാകും. പക്ഷേ, കാര്യങ്ങൾ അങ്ങനെയല്ല; ആണവായുധം, കാലാവസ്ഥാ വ്യതിയാനം, യുദ്ധം തുടങ്ങി ലോകം നേരിടുന്ന ഭീഷണികളെ ആഗോള ഭരണാധികാരികളെ ധരിപ്പിക്കുന്നിനുള്ള തികച്ചും പ്രതീകാത്മകമായൊരു പരിപാടിയാണ് ‘അന്ത്യദിനത്തെ’ക്കുറിച്ചുള്ള ഈ ഓർമപ്പെടുത്തൽ. ഇതിനായി, ഒരു ‘അന്ത്യദിന ഘടികാരം’ ഷികാഗോ സർവകലാശാലയിൽ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഗതിമാറ്റങ്ങൾക്ക് അനുസരിച്ചാണ് ക്ലോക്കിലെ സൂചിയുടെ ചലനം. യുദ്ധവും പ്രകൃതിദുരന്തങ്ങളും മഹാമാരികളുമെല്ലാം വലിയ സൂചിയെ കൂടുതൽ മുന്നോട്ടു ചലിപ്പിക്കും. 12ലെത്തുമ്പോൾ ലോകം അവസാനിക്കുമെന്നാണ് സങ്കൽപം. ലോകത്ത് എന്തെങ്കിലും സംഭവവികാസങ്ങൾ അരങ്ങേറിയാൽ, കാര്യങ്ങൾ വിലയിരുത്തി സംഘടനയുടെ ആളുകൾ ക്ലോക്കിലെ സൂചി തിരിക്കും.
പോയിപ്പോയി സൂചി ഇപ്പോൾ 12 മണിയോടടുക്കുകയാണ്; ഇനി ബാക്കിയുള്ളത് 90 സെക്കൻഡ് മാത്രം.
കഴിഞ്ഞദിവസമാണ് സംഘാടകർ സൂചി ചലിപ്പിച്ച് 11:58:30ൽ എത്തിച്ചത്. യുക്രെയ്നിലും ഗസ്സയിലും നടക്കുന്ന ആക്രമണങ്ങൾ, കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി 2023ൽ ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയത് തുടങ്ങിയ ഘടകങ്ങളാണ് സംഘാടകരുടെ പരിഗണനാവിഷയങ്ങളായത്.
1947, ക്ലോക്ക് സ്ഥാപിക്കുമ്പോൾ അന്ത്യദിനത്തിന് ബാക്കിയുണ്ടായിരുന്നത് ഏഴ് മിനിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.