ദുബൈ: വിദ്യാർഥികളുടെ നൂതനാശയങ്ങൾ മാറ്റുരച്ച ‘ഗൾഫ് മാധ്യമം എജുകഫേ’ എ.പി.ജെ. അബ്ദുൽകലാം ഇന്നൊവേഷൻ അവാർഡിനുള്ള മത്സരത്തിൽ ജുവൈസ ഷാർജ ഇന്ത്യൻ സ്കൂളിലെ ‘എ.ബി.എം സൊല്യൂഷൻസ്’ ഒന്നാം സ്ഥാനം നേടി. ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിലെ ‘സെഡ്-ബിൻ’, ‘റോബോട്രീ’ എന്നീ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.
ഭാവിലോകത്തെ സ്വപ്നം കാണുന്ന പുതുതലമുറയുടെ കരുത്തുറ്റ ആശയങ്ങളുടെ മത്സരവേദിയായി മത്സരം മാറിയതായി വിധികർത്താക്കളായ ദുബൈ യൂനിവേഴ്സിറ്റി അസി. പ്രഫസർ ഡോ. അലവിക്കുഞ്ഞ് പന്തക്കൻ, പ്ലാന്റ്ഷോപ് സ്ഥാപകനും സി.ഇ.ഒയുമായ ജിമ്മി ജെയിംസ് എന്നിവർ അഭിപ്രായപ്പെട്ടു. കേവലമായ ആശയങ്ങൾക്കപ്പുറം ഭാവിയിൽ നടപ്പിലാക്കാൻ സാധിക്കുന്ന മികച്ച ആശയങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചതെന്നും അവർ അഭിപ്രായപ്പെട്ടു.
യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത ടീമംഗങ്ങളാണ് വേദിയിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചത്. നാനോ ടെക്നോളജി, നിർമിത ബുദ്ധി, സുസ്ഥിര വികസനം, മാലിന്യ സംസ്കരണം, നവീന കൃഷിരീതികൾ, സ്മാർട്ട് സ്കൂൾ, ബഹിരാകാശ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾ നൂതന ആശയങ്ങൾ പങ്കുവെച്ചു. എ.ബി.എം സൊല്യൂഷൻസ്, കെ.എൻ സ്ക്വാഡ്(ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ്, ജുവൈസ), ഇക്വി സസ്റ്റാനിയ, വിവോ വെർദെ(ഡൽഹി പ്രൈവറ്റ് സ്കൂൾ അജ്മാൻ), ഇസെഡ്-ബിൻ, റോബോട്രീ, ഗ്രീൻ ഡ്രെയിനേജ് (ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ), അഗ്രിവൈസ്, എനർജൈസിങ് ദ ഫ്യൂചർ (ദ എലൈറ്റ് ഇംഗ്ലീഷ് സ്കൂൾ, ദുബൈ), കോസ്മിക് ട്രെയ്ൽ ബ്ലേസേഴ്സ് (ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ, ഷാർജ) എന്നീ ടീമുകളാണ് വ്യാഴാഴ്ച നടന്ന മത്സരത്തിന്റെ അവസാന റൗണ്ടിൽ മാറ്റുരച്ചത്. മത്സര വിജയികൾക്ക് എജുകഫേ സമാപന വേദിയിൽ വെച്ച് എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡുകൾ സമ്മാനിച്ചു. ജഡ്ജിമാർക്കുള്ള ഉപഹാരം മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് മേധാവി സലീം അമ്പലൻ എന്നിവർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.