ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചരിത്ര സ്പർശത്തിനായുള്ള ചന്ദ്രയാൻ- മൂന്നിന്റെ കുതിപ്പിൽ അതി നിർണായകമാവുന്നത് വേഗതകുറച്ച് ലാൻഡർ ചന്ദ്രനിലിറങ്ങുന്ന നാലുമണിക്കൂറിലെ അവസാന 18 മിനിറ്റ്.
ചന്ദ്രന് ഏകദേശം 30 കിലോമീറ്റർ അകലെനിന്ന് ബുധനാഴ്ച വൈകീട്ട് 5.45ന് ആരംഭിക്കുന്ന ലാൻഡർ മൊഡ്യൂളിന്റെ മൃദു ഇറക്ക പ്രക്രിയ (സോഫ്റ്റ് ലാൻഡിങ്) 6.04 ന് വിജയകരമായി പൂർത്തിയാവുന്നതുവരെ ശാസ്ത്രലോകത്തിന് നെഞ്ചിടിപ്പാണ്. 47 വർഷങ്ങൾക്കുശേഷം റഷ്യ ചന്ദ്രനിൽ മൃദു ഇറക്കം ലക്ഷ്യമാക്കി അയച്ച ലൂണ- 25 ലക്ഷ്യത്തിലേക്കുള്ള അവസാനഘട്ടത്തിലേക്ക് നീങ്ങവെ ചാന്ദ്രഭ്രമണപഥത്തിൽതന്നെ കൈവിട്ടുപോയത് മൂന്നു ദിവസം മുമ്പാണ്.
മണിക്കൂറിൽ 6,129 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ലാൻഡർ മൊഡ്യൂളിനെ ലംബമാക്കി നിർത്തിയശേഷം ലാൻഡറിലെ ത്രസ്റ്റർ എൻജിനുകളിൽ രണ്ടെണ്ണം വിപരീത ദിശയിൽ ജ്വലിപ്പിച്ച് വേഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്ന് ഗർത്തങ്ങളും പാറക്കല്ലുകളും തടസ്സമില്ലാത്ത ഉപരിതലത്തിൽ മൃദു ഇറക്കം നടത്തുകയാണ് ലക്ഷ്യം. ഈ ഘട്ടത്തിലാണ് ഐ.എസ്.ആർഒയുടെ രണ്ടാം ചാന്ദ്രദൗത്യം തകരാറിലായി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്. ഭയാശങ്കകൾ നിറഞ്ഞ ഈ അവസാന 19 മിനിറ്റിൽ ഐ.എസ്.ആർ.ഒയുടെ ആസൂത്രണങ്ങളെല്ലാം വിചാരിച്ചതുപോലെ നടപ്പായാൽ ദൗത്യം വിജയിക്കും. ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിലെ നാഴികക്കല്ലായി അതു മാറും.
ലാൻഡർ മൊഡ്യൂളിലെ രണ്ട് എൻജിനുകളും സെൻസറുകളും തകരാറിലായാൽപോലും സുരക്ഷിത ലാൻഡിങ് നടത്താവുന്ന രീതിയിലാണ് പേടകം സജ്ജീകരിച്ചിരിക്കുന്നത്
ബംഗളൂരു: ചന്ദ്രയാൻ-രണ്ട് ദൗത്യത്തിന്റെ ലാൻഡിങ്ങിൽ വന്ന പാളിച്ചയെത്തുടർന്ന് ദൗത്യം ഉപേക്ഷിക്കേണ്ടിവന്ന ഐ.എസ്.ആർ.ഒ പഴുതുകളടച്ച സംവിധാനങ്ങളുമായാണ് ചന്ദ്രയാൻ-മൂന്ന് ദൗത്യം ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നത്. ലാൻഡർ മൊഡ്യൂളിലെ രണ്ട് എൻജിനുകളും സെൻസറുകളും തകരാറിലായാൽപോലും സുരക്ഷിതമായ ലാൻഡിങ് നടത്താവുന്ന രീതിയിലാണ് പേടകം സജ്ജീകരിച്ചിട്ടുള്ളതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് വെളിപ്പെടുത്തുന്നു.
രണ്ടാം ഡീബൂസ്റ്റിങ് പ്രക്രിയ പൂർത്തിയാക്കിയ ലാൻഡർ മൊഡ്യൂൾ ബുധനാഴ്ച ചന്ദ്രനിലേക്ക് താഴ്ന്നുനീങ്ങുന്നതിനിടെയാണ് ഏറ്റവും സങ്കീർണമായ ഘട്ടം ബാക്കിയുള്ളത്. ചന്ദ്രന് തിരശ്ചീനമായി നീങ്ങുന്ന ലാൻഡറിനെ ചന്ദ്രനിലിറങ്ങാൻ പാകത്തിൽ ലംബമാക്കി നിർത്തുന്ന പ്രക്രിയയാണിത്. പേടകം ചന്ദ്രനിൽ മൃദുവിറക്കം നടത്തണമെങ്കിൽ ഈ ഘട്ടം കൂടിയേ തീരൂ. ചന്ദ്രയാൻ-രണ്ട് ഈ ഘട്ടത്തിലാണ് അപകടത്തിൽപെട്ടത്. അതിൽനിന്ന് പാഠമുൾക്കൊണ്ട് അപകടസാധ്യതകൾ തടയാൻ ഐ.എസ്.ആർ.ഒ പ്ലാൻ തയാറാക്കിയിട്ടുണ്ട്. അതുപ്രകാരം, ഈ ഘട്ടത്തിൽ എൻജിനുകൾ പ്രവർത്തിച്ചില്ലെങ്കിലും ലാൻഡർ ചന്ദ്രനെ തൊടുമെന്നാണ് കണക്കുകൂട്ടൽ. ചെയർമാൻ എസ്. സോമനാഥും മുൻ ചെയർമാൻ കെ. ശിവനും ഇക്കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ലാൻഡറിലെ സെൻസറുകളെല്ലാം പരാജയപ്പെട്ടാലും പകരം പ്രൊപൽഷൻ മൊഡ്യൂളിലെ സെൻസറുകളെ ഉപയോഗപ്പെടുത്താനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.