‘സെഞ്ച്വറി’യടിച്ച റോവർ നിദ്രയിലേക്ക്​; 14 ദിവസം കഴിഞ്ഞ് ഉണരാൻ സാധ്യത

ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് വാഹനമായ പ്രഗ്യാൻ റോവറിന്റെ സഞ്ചാരം 101.4 മീറ്റർ പിന്നിട്ടു. റോവർ ഇപ്പോഴും യാത്ര തുടരുകയാണെന്ന് അറിയിച്ച ഐ.എസ്.ആർ.ഒ, സഞ്ചാരപാതയുടെ രേഖ പുറത്തുവിട്ടു. വിക്രം ലാൻഡർ മൃദു ഇറക്കം നടത്തിയ ശിവശക്തി പോയന്റിൽനിന്ന് ആരംഭിച്ച പര്യവേക്ഷണ യാത്രക്കിടെ രണ്ടിടത്ത് ഗർത്തം തടസ്സം സൃഷ്ടിച്ചതിനാൽ റോവർ വഴിമാറി സഞ്ചരിച്ചിരുന്നു. ലാൻഡറിൽനിന്നിറങ്ങി ദക്ഷിണ ഭാഗത്തേക്കുനീങ്ങിയ റോവർ ഗർത്തം കണ്ട് പശ്ചിമ ഭാഗത്തേക്കാണ് വഴിമാറിയത്. ഏറെദൂരം ഈ പാതയിൽ സഞ്ചരിച്ചെങ്കിലും മറ്റൊരു ഗർത്തം മുന്നിൽവന്നതോടെ തിരിഞ്ഞ് ഉത്തരഭാഗത്തേക്ക് നീങ്ങി. ഈ പാതയിൽ റോവറിന്റെ ദൗത്യം അവസാനിക്കും.

Full View

ലാൻഡർ മൊഡ്യൂളിലെ ലാൻഡറിനും റോവറിനും ചന്ദ്രനിലെ ഒരു പകൽക്കാലമാണ് (ഭൂമിയിലെ 14 ദിവസം) നിശ്ചയിച്ച ദൗത്യ കാലാവധി. ഒന്നോ രണ്ടോ ദിവസത്തിനകം ഇവ സേവനം അവസാനിപ്പിച്ച് നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) നീങ്ങുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ശനിയാഴ്ച ആദിത്യ വിക്ഷേപണ വിജയത്തിനു ശേഷം വ്യക്തമാക്കി.

സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിച്ചിരുന്നത് എന്നതിനാൽ ഊർജം ലാഭിക്കാനും ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കാനുമാണ് നിദ്രയിലേക്ക് മാറ്റുന്നത്. ചാന്ദ്രരാത്രികളിൽ 200 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില. ചന്ദ്രനിലെ ഒരു രാത്രി (ഭൂമിയിലെ 14-15 ദിവസം) കഴിഞ്ഞ് സൂര്യപ്രകാശം വീണ്ടും ചന്ദ്രനിൽ പതിക്കുമ്പോൾ ലാൻഡറും റോവറും ഉണർന്നാൽ ഐ.എസ്.ആർ.ഒക്ക് അത് വൻ നേട്ടമാകും. വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണത്തിനായി ലഭിക്കും.

ലാൻഡറിൽ മൂന്നും റോവറിൽ രണ്ടും പരീക്ഷണ ഉപകരണങ്ങളാണ് ഇസ്റോയുടേതായുള്ളത്. എന്നാൽ, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ലേസർ റെട്രോറിഫ്ലക്ടർ അറേ (എൽ.ആർ.എ) എന്ന ഉപകരണം കൂടി ലാൻഡറിലുണ്ട്. ലാൻഡറും റോവറും നിദ്രയിലാവുമ്പോൾ എൽ.ആർ.എ പ്രവർത്തനം ആരംഭിക്കും. ലാൻഡറിലെ കാമറകളുടെയും സ്പെക്ട്രോമീറ്ററുകളുടെയും പ്രവർത്തനത്തിൽ തടസ്സം വരാതിരിക്കാനാണ് ചാന്ദ്രയാൻ- മൂന്നിന്റെ ദൗത്യം പൂർത്തിയാവുന്നതുവരെ എൽ.ആർ.എ പ്രവർത്തിക്കാതിരിക്കുന്നത്. ചാന്ദ്രരാത്രികളിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്താൻ എൽ.ആർ.എ സഹായിക്കും.  

Tags:    
News Summary - Chandrayaan-3 Update: ISRO says Pragyan rover put into ‘sleep mode’, may wake up on 22 September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.