ബെയ്ജിങ്: ചാന്ദ്രപര്യവേക്ഷണത്തിൽ നിർണായക ചുവടുവെപ്പുമായി ചൈന. ചൈനയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ചൈന നാഷനൽ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (സി.എൻ.സി.എ) ചാന്ദ്രദൗത്യമായ ഷാങ്ങെ-6 ആണ് രണ്ട് കിലോ വരുന്ന ചന്ദ്രനിലെ കല്ലും മണ്ണും (റിഗോലിത്തുകൾ) കഴിഞ്ഞ ദിവസം ഭൂമിയിലെത്തിച്ചത്.
കഴിഞ്ഞവർഷം, ഷാങ്ങെ-5 ഉം സമാനമായ രീതിയിൽ ഭൂമിക്ക് അഭിമുഖമായി നിൽക്കുന്ന ചന്ദ്രോപരിതലത്തിൽനിന്ന് റിഗോലിത്ത് ഭൂമിയിലെത്തിച്ചിരുന്നു. എന്നാൽ ഇക്കുറി, ചന്ദ്രന്റെ മറുപാതിയിൽനിന്നുള്ള വസ്തുക്കളാണ് ചൈന ശേഖരിച്ചത്. ഇതാദ്യമായാണ് ഒരു രാജ്യം ഈ ഭാഗത്തുനിന്നുള്ള വസ്തുക്കൾ പരീക്ഷണ നിരീക്ഷണങ്ങൾക്കായി ഭൂമിയിലെത്തിക്കുന്നത്.
മേയ് ആദ്യവാരമാണ് ഷാങ്ങെ -6 ആറ് പേലോഡുകളുമായി ചന്ദ്രനിലേക്ക് കുതിച്ചത്. ജൂൺ രണ്ടിനാണ് റിഗോലിത്തുകൾ ശേഖരിച്ചത്. ജൂൺ നാലിന് അവയുമായി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തിരിച്ചു.
പിന്നീട് അവിടെ ‘കാത്തിരുന്ന’ ഓർബിറ്ററുമായി വിജയകരമായി പേടകത്തെ ബന്ധിപ്പിച്ചതോടെ ദൗത്യം വലിയ അളവിൽ പൂർത്തിയായി. 13 ദിവസം ചാന്ദ്രഭ്രമണപഥത്തിൽ ചെലവഴിച്ചശേഷമാണ് പേടകം വിജയകരമായി ഭൂമിയിലെത്തിയത്.
1969-72 കാലത്ത് നാസയുടെ അപ്പോളോ ദൗത്യം വഴിയും ചന്ദ്രനിലെ വസ്തുക്കൾ ഭൂമിയിലെത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.