കുറഞ്ഞത് 50 പേരടങ്ങുന്ന സംഘമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലേക്ക് വരൂ. ഉത്തരമില്ലാത്ത നിങ്ങളുടെ ശാസ്ത്ര സംശയങ്ങൾക്കും എത്ര പഠിച്ചിട്ടും മനസ്സിലാക്കാനാകാത്ത തത്ത്വങ്ങൾക്കും പരിഹാരം കാണാം
ഗണിതവും ശാസ്ത്രവും പഠിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർഥിയാണോ? ശാസ്ത്ര തത്ത്വങ്ങളും ഗണിത സമവാക്യങ്ങളും കാരണം പ്രയാസത്തിലാണ് നിങ്ങളുടെ പഠനമെങ്കിൽ ഒന്നും നോക്കേണ്ട, നേരെ പോരൂ... കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലേക്ക്. ഉത്തരമില്ലാത്ത നിങ്ങളുടെ ശാസ്ത്ര സംശയങ്ങൾക്കും എത്ര പഠിച്ചിട്ടും മനസ്സിലാക്കാനാകാത്ത തത്ത്വങ്ങൾക്കും നമുക്ക് പരിഹാരം കാണാം. വിവിധ ഉദാഹരണങ്ങൾ നേരിട്ട് പരിചയപ്പെടുത്തി സ്വയം ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച് എളുപ്പത്തിൽ പഠിക്കാം. ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്കും സയൻസ് ബുദ്ധിമുട്ടായവർക്കും പഠനം കൂടുതൽ മനോഹരമാക്കാൻ ഇവിടം സഹായിക്കുമെന്നുറപ്പ്. വിശദീകരിക്കാനും സംശയങ്ങൾക്ക് മറുപടി നൽകാനും വിദഗ്ധരുടെ സേവനമുണ്ട്. വിപുലമായ സയൻസ് പാർക്ക് മുതൽ ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങൾ വിവരിക്കുന്ന പവിലിയൻ വരെയാണ് കുട്ടികളെ കാത്തിരിക്കുന്നത്. കൂടാതെ ശാസ്ത്ര, ഗണിത ലാബുകളും വിപുലമായ ലൈബ്രറിയും. ഒരുപക്ഷേ ഇതുവരെ നിങ്ങൾ പരിചയപ്പെട്ടിട്ടില്ലാത്ത ഔഷധസസ്യങ്ങൾ നേരിട്ട് കണ്ട് ശാസ്ത്രീയ നാമവും സവിശേഷതകളുമറിഞ്ഞ് പഠിക്കാൻ ഔഷധ സസ്യോദ്യാനവുമുണ്ട്.
പൈതഗോറസ് തിയറം വായിച്ചും എഴുതിയുമല്ലാതെ എങ്ങനെ കണ്ട് പഠിക്കാം. പ്രത്യേകം തയാറാക്കിയ ഊഞ്ഞാലിൽ ആടി സിംപിൾ പെൻഡുലത്തിന്റെ ഫ്രീക്വൻസി പഠിക്കാം. ഉപകരണങ്ങളുടെ സഹായത്തോടെ ഊർജതന്ത്ര പഠനം എളുപ്പമാക്കാം. ശബ്ദതരംഗങ്ങളെക്കുറിച്ച് ഏറ്റവും എളുപ്പത്തിൽ എങ്ങനെ മനസ്സിലാക്കാം... ഇത്തരം ചോദ്യങ്ങൾക്കൊക്കെ ഉത്തരമുണ്ട് ഇവിടെ. എല്ലാം കണ്ടും കേട്ടും അനുഭവിച്ചും പഠിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം സന്ദർശിച്ചിട്ടുള്ളവരാണോ നിങ്ങൾ. ഇല്ലെങ്കിൽ അതിന്റെയൊരു ചെറിയ മാതൃക ഇവിടെയുണ്ട്. ഐ.എസ്.ആർ.ഒയുടെ പ്രധാന ശാസ്ത്രനേട്ടങ്ങൾ വിവരിക്കുന്ന പവിലിയനാണിത്. അത് കാണുകയും മനസ്സിലാക്കുകയും ചെയ്യാം. രാജ്യം വിക്ഷേപിച്ച റോക്കറ്റുകൾ, അവയുടെ പ്രത്യേകതകൾ, രൂപങ്ങൾ എല്ലാം കണ്ട് മനസ്സിലാക്കാം.
ഹയർ സെക്കൻഡറി തലത്തിൽ എത്തുമ്പോഴായിരിക്കും സാധാരണ ഗതിയിൽ വിദ്യാർഥികൾക്ക് ശാസ്ത്ര ലാബുകളെ വിശദമായി പരിചയപ്പെടാനാകുകയുള്ളൂ. കെമിസ്ട്രി ലാബിലെ ആസിഡുകളും സാമഗ്രികളുമൊക്കെ ടെസ്റ്റ് ട്യൂബിലെടുത്ത് പരീക്ഷങ്ങൾ ചെയ്യാൻ ഇവിടെ ചെറിയ കുട്ടികൾക്കും അവസരമുണ്ടാകും. വിവിധ ശാസ്ത്ര ലാബുകളെ നേരിട്ട് കണ്ട് അനുഭവിച്ചറിയാം. ഫിസിക്സ്, ബയോളജി ലാബുകൾക്കൊപ്പം ഗണിതം എളുപ്പമാക്കാൻ മാത്തമാറ്റിക്സ് ലാബും ഇവിടെയുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിലെ ശാസ്ത്ര തത്ത്വങ്ങൾ ഉൾപ്പെടുന്ന ശാസ്ത്രപരീക്ഷണങ്ങൾ ഈ ലാബുകളിൽ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയും.
ഒരു വാഹന യന്ത്രത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയൊക്കെയാണെന്ന് എത്രപേർക്കറിയാം. ഗിയർ, ക്ലച്ച് എന്നിവയൊക്കെ അമർത്തുമ്പോൾ എങ്ങനെയാണ് യന്ത്രം പ്രവർത്തിക്കുന്നത്, ആക്സിലറേറ്റർ ചവിട്ടുമ്പോൾ എങ്ങനെയാണ് വേഗത വർധിക്കുന്നത്. ഇത്തരം കാര്യങ്ങളെ മോട്ടോർ വാഹനത്തിന്റെ വിവിധ ഘടകങ്ങൾ തുറന്ന് പ്രദർശിപ്പിച്ച് എളുപ്പത്തിൽ മനസ്സിലാക്കുന്നതിനും സൗകര്യമുണ്ട്. ചെറിയ ക്ലാസിലെ കൂട്ടുകാർക്ക് ഉൾപ്പെടെ വേഗത്തിൽ മനസ്സിലാക്കാനാകും വിധമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഭാവിയിൽ ഇലക്ട്രോണിക്സ് മേഖലയിലേക്ക് തിരിയാനാണ് താൽപര്യമെങ്കിൽ അത്തരക്കാരിലെ അഭിരുചി തിരിച്ചറിയാനും ലാബുണ്ട്.
എല്ലാ ചെടികളിലും അവയുടെ പുഷ്പങ്ങളിലും ചിത്രശലഭങ്ങൾ വന്നിരുന്ന് തേൻനുകരാറുണ്ടോ. അതിന് അവർക്ക് പ്രിയങ്കരമായ ചെടികൾ തന്നെ വേണം. ശാസ്ത്രസമൂഹ കേന്ദ്രത്തിൽ മനോഹരമായൊരു ചിത്രശലഭോദ്യാനവും കാത്തിരിക്കുന്നുണ്ട്. ധാരാളം വ്യത്യസ്തങ്ങളായ ചിത്രശലഭങ്ങൾ പറന്ന് ഉല്ലസിക്കുന്ന ഉദ്യാനമാണിത്. അറിവിന്റെ മധുരം നുകരാൻ വിശാലമായ ലൈബ്രറിയും ഇവിടെയുണ്ട്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പുസ്തകങ്ങളുടെ വൻ ശേഖരമാണിവിടെയുള്ളത്. വിപുലമായ സയൻസ് ലൈബ്രറിയാണ് കാത്തിരിക്കുന്നത്.
ചന്ദ്രനിലേക്ക് യാത്രചെയ്യുന്ന ദൗത്യം എങ്ങനെയാണ് കാണാനാകുക?. കൂട്ടുകാരെ ആകാശത്തെ അത്ഭുതക്കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഇവിടെ ആസ്ട്രോ ലാബുണ്ട്. നക്ഷത്രങ്ങളെയും നക്ഷത്ര സമൂഹങ്ങളെയും കൺമുന്നിലെന്നപോലെ കാണാനും അവയെക്കുറിച്ച് അടുത്തറിയാനും ഈ ലാബിലൂടെ കഴിയും. വിവിധ ദൂരദർശിനിയിലൂടെ കണ്ടറിയാനും സാധിക്കും.
പറഞ്ഞാൽതീരാത്ത ഇവിടുത്തെ വിശേഷങ്ങൾ നേരിൽ കണ്ടുതന്നെ അറിയണം. ശാസ്ത്രത്തെ നേരിട്ടറിയാനും പഠനം മനോഹരമാക്കാനുമായി സ്കൂൾ വിദ്യാർഥികൾക്ക് ഇവിടേക്ക് എത്താം. കുറഞ്ഞത് 50 പേരടങ്ങുന്ന സംഘമായി വേണമെത്താൻ. സ്കൂൾ അധികൃതർ ചെറിയൊരു ഫീസ് മാത്രം നൽകി മുൻകൂട്ടി ശാസ്ത്രസമൂഹ കേന്ദ്രത്തിൽ അറിയിക്കണം. രാവിലെ ഒമ്പതര മുതൽ വൈകീട്ട് മൂന്നര വരെയാണ് പരിപാടി. ഇതിനോടകം ലക്ഷക്കണക്കിന് കുട്ടികൾ ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്. വിലാസം: ഡയറക്ടർ, ശാസ്ത്ര സമൂഹകേന്ദ്രം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി യൂനിവേഴ്സിറ്റി പി.ഒ, കൊച്ചി- 682022. മൊബൈൽ: 9188219863. ഇ-മെയിൽ: csis@cusat.ac.in.
കളിയിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും ശാസ്ത്രം പഠിപ്പിക്കുന്ന രീതിയാണ് ഞങ്ങൾ ഇവിടെ അവലംബിക്കുന്നത്. ഇത്തരത്തിൽ കാര്യങ്ങളെ മനസ്സിലാക്കുന്നതിലൂടെ അവർ ജീവിതകാലം മുഴുവൻ അത് മറക്കില്ല എന്നതിനൊപ്പം ഇന്നത്തെ തലമുറക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന ശാസ്ത്രബോധം വളർത്താനും കഴിയുന്നു.
ഡോ. അബേഷ് രഘുവരൻ (അസിസ്റ്റന്റ് പ്രഫസർ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കുസാറ്റ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.