ഫ്ലോറിഡ: ലോകത്താദ്യത്തെ 3D പ്രിന്റഡ് റോക്കറ്റ് ടെറാൻ-1 വിജയകരമായി വിക്ഷേപിച്ചു. മൂന്നാം പരിശ്രമത്തിലാണ് റോക്കറ്റ് വിക്ഷേപണം വിജയകരമായത്. എന്നാൽ, റോക്കറ്റ് അതിന്റെ ഭ്രമണ പഥത്തിൽ പ്രവേശിക്കുന്നതിൽ പരാജയപ്പെട്ടു. വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപ്പെടുന്നതിന്റെ രണ്ടാം ഘട്ടമാണ് പരാജയമായതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
റോക്കറ്റ് ഭ്രമണ പഥത്തിൽ എത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും വിക്ഷേപണം വൻ വിജയമായിരുന്നുവെന്ന് ഇതിനു പിന്നിൽ പ്രവർത്തിച്ച ബഹിരാകാശ കമ്പനി റിലേറ്റിവിറ്റി സ്പേസ് അറിയിച്ചു. 3D പ്രിന്റഡ് റോക്കറ്റ് വിക്ഷേപണം സംബന്ധിച്ച് ഗവേഷണാർഥമാണ് ടെറാൻ -1 വിക്ഷേപിച്ചത്.
‘ഇന്നത്തെ വിക്ഷേപണം റിലേറ്റിവിറ്റിയുടെ 3D-പ്രിന്റഡ് റോക്കറ്റ് സാങ്കേതികവിദ്യകൾ റോക്കറ്റ് വിക്ഷേപണത്തിന് പര്യാപ്തമാണെന്ന് തെളിയിച്ചു. ഇത് അടുത്ത റോക്കറ്റ് ടെറാൻ ആറിൽ നന്നായി പ്രയോഗിക്കും. പ്രിന്റഡ് രൂപങ്ങളിൽ പ്രയോഗിക്കാവുന്ന ഏറ്റവും ഉയർന്ന മർദമായ മാക്സ് ക്യുവിലൂടെയാണ് ടെറാൻ 1 കടന്നുപോയത്. അത് വിജയകരമായിരുന്നു. ഇത് ഞങ്ങളുടെ പുതിയ നിർമാണ രീതി മികച്ചതാണെന്നതിന്റെ ഏറ്റവും നല്ല തെളിവാണ്. - റിലേറ്റിവിറ്റി സ്പേസ് ട്വീറ്റ് ചെയ്തു.
‘ഫ്ലൈറ്റ് ഡാറ്റ വിലയിരുത്തുകയും വരും ദിവസങ്ങളിൽ അതിന്റെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യും’ -കമ്പനി പറഞ്ഞു.
33 മീറ്റർ നീളമുള്ള ടെറാൻ 1 ന്റെ ഒമ്പത് എഞ്ചിനുകളടക്കം 85 ശതമാനം ഭാഗവും 3D പ്രിന്റഡ് ആണ്. ഇത് റോക്കറ്റ് നിർമാണ ചെലവ് ഗണ്യമായി കുറക്കുമെന്നാണ് കരുതുന്നത്. ടെറാൻ ആറിൽ 95 ശതമാനവും 3D പ്രിന്റഡായി ഇറക്കാനാണ് റിലേറ്റിവിറ്റി സ്പേസിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.