തിരുവനന്തപുരം: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്നതിനുള്ള ഐ.എസ്.ആർ.ഒയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ഉടൻ യാഥാർഥ്യമാകുമെന്ന് ചെയർമാൻ എസ്. സോമനാഥ്. മനുഷ്യനെ കൊണ്ടുപോകുന്നതിനു മുമ്പുള്ള അവസാനഘട്ട ആളില്ലാ പരീക്ഷണം അടുത്തവർഷം ഏപ്രിലോടെ നടത്തുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘ജി.എക്സ്’ എന്നു പേരിട്ട ആളില്ലാ പരീക്ഷണ ദൗത്യത്തിൽ ‘വ്യോമിത്ര’ റോബോട്ടിനെയാണ് ഉൾപ്പെടുത്തുക. ജി.എക്സ് മിഷൻ റോക്കറ്റിന്റെ പ്രധാന ഭാഗങ്ങളുടെ നിർമാണം പൂർത്തിയായി. ഡിസംബറിനു മുമ്പ് ക്രയോജനിക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും. ആദിത്യ എൽ-വൺ മിഷൻ അവസാന ഘട്ടത്തിലാണ്. ജനുവരി ഏഴിന് പേടകം എൽ-വൺ പോയന്റിൽ എത്തിച്ചേരും. എസ്.എസ്.എൽ.വി ടെക്നോളജി സ്വകാര്യ മേഖലക്ക് കൈമാറുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നു. രണ്ടു മാസത്തിനുള്ളിൽ ഇതു പൂർത്തിയാക്കും. സ്വകാര്യ മേഖലയിൽ നിർമിക്കുന്ന പി.എസ്.എൽ.വി എൻ-ഒന്നിന്റെ ലോഞ്ചിങ് അടുത്തവർഷം ഒക്ടോബറോടെ നടക്കും. തമിഴ്നാട്ടിലെ എസ്.എസ്.എൽ.വി ലോഞ്ച് പാഡ് നിർമിക്കുന്നതിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലെത്തി.
അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ മാത്രമേ ബഹിരാകാശ മേഖല വളരുകയുള്ളൂ. ബഹിരാകാശരംഗത്തെ സ്വകാര്യ പങ്കാളിത്തം തൊഴിലവസരങ്ങളും ബിസിനസ് സാധ്യതകളും വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.