​ഐ.എസ്​.എഫ്​ സയൻസ്​ ഫിയസ്റ്റ​ 19മുതൽ

മസ്കത്ത്​: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്​ കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിക്കുന്ന വർഷിക ‘സയൻസ് ഫിയസ്റ്റ’ മേയ്​ 19, 20 തീയതികളിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അൽ ഹെയിൽ കാമ്പസിലായിരിക്കും പരിപാടി.

ഒമാനിൽ ശാസ്ത്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ സയൻസ് ഫോറം ശാസ്ത്ര പ്രതിഭ രചന മത്സരം, ഉപന്യാസ രചന, ക്വിസ്​ മത്സരം തുടങ്ങി നിരവധി പരിപാടികൾ​ ഇതിനകം നടത്തിയിരുന്നു. 20ലധികം ഇന്ത്യൻ സ്കൂളുകളുൾ മേളയിൽ ഭാഗമാകും​. ഡിബേറ്റ്, സിമ്പോസിയം, ഓൺ ദി സ്പോട്ട് സയൻസ് പ്രോജക്ട്, എക്സിബിഷൻ, ഫോട്ടോഗ്രാഫി എന്നിവയുൾപ്പെടെ നിരവധി മത്സരങ്ങളാണ്​ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്​.

ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഡോ. മയിൽ സ്വാമി അണ്ണാദുരൈ മുഖ്യാതിഥിയാകും. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്​, ഒമാൻ നാഷണൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ.അലി സൗദ് ബിമാനി എന്നിവർ വിശിഷ്ടാതിഥികളുമാകും. രണ്ട് ദിവസത്തെ പരിപാടിയിൽ ക്ഷണിക്കപ്പെട്ട വ്യക്​തികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ഇന്ത്യൻ കമ്മ്യൂനിറ്റി അംഗങ്ങളുൾപ്പെടെ ഏകദേശം 4000ത്തോളംപേർ മേളയിൽ എത്തുമെന്നാണ്​ സംഘാടകർ കണക്ക്​ കൂട്ടുന്നത്​. വാർഷിക സയൻസ് ഫിയസ്റ്റയിലേക്ക് ഒമാനിലുള്ള ശാസ്ത്ര പ്രേമികളെ ക്ഷണിക്കുന്നതിൽ ഞങ്ങൾക്ക്​ സന്തോഷമുണ്ടെന്ന്​ ഇന്ത്യൻ സയൻസ് ഫോറം കോർഡിനേറ്റർ ഡോ.രത്നകുമാർ പറഞ്ഞു. വിവിധ ശാസ്ത്ര മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളുടെ നേട്ടങ്ങൾ കാണാനുള്ള മികച്ച അവസരമാണ് ഈ പരിപാടി. പ്രദർശനത്തിലേക്കും ചടങ്ങിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

സയൻസ് ഫിയസ്റ്റ വിദ്യാർഥികൾക്ക് അവരുടെ അറിവും ശാസ്ത്രത്തോടുള്ള അഭിനിവേശവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ്. വിദ്യാർഥികൾക്ക് ശാസ്ത്രത്തെക്കുറിച്ച് കൂടുതലറിയാനും പ്രമുഖ ശാസ്ത്രജ്ഞരിൽനിന്നും വിദഗ്ധരിൽ നിന്നും പ്രചോദനം ഉൾകൊള്ളാനുമുള്ള അവസരമാണിതെന്നും സംഘാടകർ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി നടത്തിയ ശാസ്ത്ര പ്രതിഭ, ക്വിസ്​, ഉപന്യാസം തുടങ്ങിയ മത്സരത്തിലെ വിജയികളെയും വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഫാനി സായ് തമൻ (ഇന്ത്യൻ സ്‌കൂൾ മബേല​), അലോക് സി. സുകുമാരൻ (ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത്​​), യുവരാജ് മുഖർജി ( ഇന്ത്യൻ സ്‌കൂൾ ഗൂബ്ര​), സൈന ഫാത്തിമ (സലാല ഇന്ത്യൻ സ്‌കൂൾ ​), ആര്യൻ കിഷോർ ബഡ്‌ഗുജർ (ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത്​​), അമൻ ടണ്ടൻ, മോഹന ഇളങ്കോ (ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത്​) എന്നിവരാണ്​ വിവിധ ഇന്ത്യൻ സ്കൂളുകളിലെ അഞ്ച്​ മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ ശാസ്ത്ര പ്രതിഭ വിജയികൾ.

ഇന്റർ സ്കൂൾ സയൻസ് ക്വിസ് ‘ഐ.എസ്​.എഫ്​ ഇഗ്​നിറ്റർ 2022’ മത്സരത്തിലെ ജൂനിയർ വിഭാഗത്തിൽ സലാല ഇന്ത്യൻ സ്‌കൂളിലെ സൈന ഫാത്തിമ, ആദിത്യ വർമ ജേതാക്കളായി. ഇന്ത്യൻ സ്‌കൂൾ ദാർസൈത്തിൽനിന്നുള്ള എസ്.എം. സാഹിൽ, എസ്.എം. സോഹ എന്നിവർ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പും ഇന്ത്യൻ സ്‌കൂൾ ഇബ്രയിലെ ജോഷ്വ റിച്ചാർഡ്, ആബേൽ സാബു എന്നിവർ സെക്കൻഡ് റണ്ണേഴ്‌സ് അപ്പുമായി.

സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ഗൂബ്രയിലെ ആൽവിൻ കെ. ജോസ്​ സബ്യസാചി ചൗധരി എന്നിവർ ചാമ്പ്യന്മാരായി. ഇന്ത്യൻ സ്‌കൂൾ സലാലയിലെ ഷാലോമോൻ ജൂബി, ജോവാന സൂസൻ അലക്‌സ് എന്നിവർ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പും ഇന്ത്യൻ സ്‌കൂൾ വാദി കബീറിലെ തൻമയ് ശുക്ല, ഓജസ് പാണ്ഡെ എന്നിവർ രണ്ടാം റണ്ണേഴ്‌സ് അപ്പും നേടി.

ഉപന്യാസ രചന മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ ഗൂബ്രയിലെ അദിതി ഗുരു ഓവറോൾ വിജയിയായി. സയന്റിഫിക് അപ്രോച്ച് വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ഗൂബ്രയിലെ റിയ പഹുജയും ഇന്ത്യൻ സ്‌കൂൾ ബൗഷറിലെ തുലിക അഗർവാളുമാണ് വിജയിച്ചത്​. റൈറ്റിങ്​ ക്വാളിറ്റി വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ഗൂബ്രയിലെ സബ്യസാചി ചൗധരി, ഇന്ത്യൻ സ്‌കൂൾ സലാലയിലെ റുത്തിക് മാർഗവി, ഇന്ത്യൻ സ്‌കൂൾ അൽ മബേലയിലെ സുവീക്ഷ സഞ്ജയ് ഷാൻഭാഗ് എന്നിവരാണ് വിജയികൾ. ഇന്നൊവേറ്റീവ് തിങ്കിങ്​ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ബൗഷറിൽ നിന്നുള്ള നിലയ് നെഗിൽ, ഇന്ത്യൻ സ്‌കൂൾ മുലാദയിൽ നിന്നുള്ള സുമയ്യ സീനത്ത് എന്നിവർ ജേതാക്കളായി.

Tags:    
News Summary - ISF Science Fiesta from 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.