ശ്രീഹരിക്കോട്ട: 2022ലെ ഐ.എസ്.ആർ.ഒയുടെ ആദ്യ വിക്ഷേപണത്തിനുള്ള കൗൺഡൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ തുടങ്ങി. പ്രണയദിനമായ ഫെബ്രുവരി 14ന് വിക്ഷേപിക്കുന്ന പി.എസ്.എൽ.വി C52 റോക്കറ്റിന്‍റെ കൗൺഡൗൺ ആണ് ഇന്ന് പുലർച്ചെ 4.29ന് തുടങ്ങിയത്.
പ്രണയദിനത്തിൽ പുലർച്ചെ 5.59നാണ് എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് ആയ ഇഒഎസ്-04ന്‍റെ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ളത്. 1710 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 529 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പി.എസ്.എൽ.വി C52 എത്തിക്കുക.
കൃഷി, വനം, തോട്ടങ്ങൾ, മണ്ണിലെ ഈർപ്പം, ജലശാസ്ത്രം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായി എല്ലാ കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ രൂപകൽപന ചെയ്ത റഡാർ ഇമേജിങ് സാറ്റലൈറ്റാണ് ഇഒഎസ്-04. ഇഒഎസ്-04നൊപ്പം മറ്റ് രണ്ട് ഉപഗ്രഹങ്ങൾ കൂടി പി.എസ്.എൽ.വി ഭ്രമണപഥത്തിൽ എത്തിക്കും.
കൊളറാഡോ യൂണിവേഴ്സിറ്റിയിലെ അറ്റ്മോസ്ഫെറിക് ആൻഡ് സ്പേസ് ഫിസിക്സ് ലബോറട്ടറിയുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) തയാറാക്കിയ സ്റ്റുഡന്‍റ് സാറ്റലൈറ്റ് ആയ ഇൻസ്പെയർ സാറ്റ്-1ഉം ഇന്ത്യ-ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന്‍റെ (ഐഎൻഎസ്-2ബി) മുന്നോടിയായ ഇസ്‌റോയുടെ ടെക്നോളജി ഡെമോൻസ്ട്രേറ്റർ സാറ്റലൈറ്റായ ഐഎൻഎസ്-2റ്റിഡിയും ആണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.