ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം പകർത്തിയ ചന്ദ്രോപരിതലത്തിലെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ലാൻഡർ ഇറങ്ങാൻ പോകുന്ന ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രയാൻ പേടകം ചന്ദ്രന്‍റെ സമീപത്ത് എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണിത്.
ആഗസ്റ്റ് 23നാണ് ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദു ഇറക്കം (സോഫ്റ്റ് ലാൻഡിങ്) നടത്തുക. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 5.45 ഓടെ ആരംഭിക്കുന്ന സോഫ്റ്റ് ലാൻഡിങ് 6.04ന് പ്രക്രിയ പൂർത്തിയാവും. ബുധനാഴ്ച പ്രതീക്ഷിച്ച പോലെ മൃദു ഇറക്കം നടത്താനായില്ലെങ്കിൽ ശ്രമം വ്യാഴാഴ്ചത്തേക്ക് മാറ്റും. മൃദു ഇറക്കത്തിന് മുമ്പ് ലാൻഡർ മൊഡ്യൂളിലെ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും.
ചന്ദ്രന് തിരശ്ചീനമായി സഞ്ചരിക്കുന്ന ലാൻഡർ മൊഡ്യൂൾ ഭ്രമണപഥത്തിൽ ചന്ദ്രന് ഏറ്റവും അടുത്തെത്തുമ്പോൾ ലംബമാക്കി നിർത്തിയ ശേഷം ദക്ഷിണധ്രുവം ലക്ഷ്യമാക്കി ഇറങ്ങും. മൊഡ്യൂളിലെ ത്രസ്റ്റർ എൻജിനുകൾ വിപരീത ദിശയിൽ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ചാണ് ഈ ഘട്ടം പൂർത്തിയാക്കുക.
ചന്ദ്രനിൽ സൂര്യപ്രകാശം പതിയുന്ന വേളയിൽതന്നെ മൃദുഇറക്കം നടത്തുകയാണ് ലക്ഷ്യം. സൂര്യപ്രകാശം ലഭിക്കുന്ന ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം) ആണ് ലാൻഡറിന്റെയും റോവറിന്റെയും പ്രവർത്തന കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.