ബംഗളൂരു: ചന്ദ്രനിൽ പര്യവേക്ഷണം നടത്തുന്ന പ്രഗ്യാൻ റോവറിൽനിന്നുള്ള ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആർ.ഒ) പുറത്തുവിട്ടു. ചന്ദ്രോപരിതല ഗർത്തങ്ങളും സഞ്ചാരപാതയുമാണ് ചിത്രങ്ങളിലുള്ളത്. പ്രഗ്യാൻ റോവറിൽനിന്നു ലഭിക്കുന്നതു ഇന്നുവരെ ലഭിച്ചിട്ടില്ലാത്തത്ര കൗതുകകരമായ വിവരങ്ങളാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞിരുന്നു.
നാല് മീറ്റർ വ്യാസമുള്ള ഒരു ഗർത്തം മൂന്നു മീറ്റർ മുന്നിലായാണ് റോവർ കണ്ടത്. പാത തിരിച്ചുപിടിക്കാൻ റോവറിന് നിർദേശം നൽകി. ഇപ്പോൾ സുരക്ഷിതമായി പുതിയ പാതയിലേക്ക് നീങ്ങുകയാണ്. -ഐ.എസ്.ആർ.ഒ ട്വീറ്റ് ചെയ്തു.
അതേസമയം, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽനിന്നുള്ള ആദ്യ ശാസ്ത്രീയ വിവരങ്ങൾ ഐ.എസ്.ആർ.ഒ ഇന്നലെ പുറത്തുവിട്ടിരുന്നു. ചന്ദ്രോപരിതലത്തിന് ഉയർന്ന താപപ്രതിരോധശേഷിയുണ്ടെന്നാണ് ചന്ദ്രയാൻ-3 ദൗത്യത്തിലെ ലാൻഡറിലെ പരീക്ഷണോപകരണമായ ‘ചാസ്തെ’ കണ്ടെത്തിയത്. ചന്ദ്രന്റെ ഉപരിതലത്തിലെ താപനിലയുമായി ബന്ധപ്പെട്ട പരീക്ഷണമാണ് ചാസ്തെ (ചന്ദ്രാസ് സർഫേസ് തെർമോ ഫിസിക്കൽ എക്സ്പിരിമെന്റ്) നടത്തുന്നത്.
ചന്ദ്രനിൽ പതിക്കുന്ന സൂര്യപ്രകാശം കാരണമായുണ്ടാകുന്ന താപം റീഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണിൽ എന്തു മാറ്റമാണുണ്ടാക്കുന്നത് എന്നതാണ് പരീക്ഷണം. ദക്ഷിണധ്രുവത്തിൽ നടക്കുന്ന ആദ്യ പര്യവേക്ഷണമായതിനാൽ ചന്ദ്രയാൻ-3 കണ്ടെത്തുന്ന ഓരോ വിവരവും ശാസ്ത്രലോകത്തിന് പുതുമയുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.