ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ‘സെവൻ’ എന്ന തന്റെ സോളോ ഗാനം ചാർട്ട്ബസ്റ്ററായി തരംഗം സൃഷ്ടിക്കുന്നതിനിടെ ബിടിഎസ് അംഗമായ ജങ്കൂക്കിന്റെ അഭിമുഖവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എൽവിസ് ഡ്യൂരൻ ഷോയിൽ അതിഥിയായി എത്തിയ ജങ്കൂക്കിന്റെ ഒരു ആഗ്രഹമാണ് സംഗീത പ്രേമികൾക്കിടയിൽ ആശ്ചര്യം പടർത്തിയത്.
ജങ്കൂക്കിന് പെർഫോം ചെയ്യാൻ ഏറ്റവും ആഗ്രഹമുള്ള സ്വപ്ന വേദിയെ കുറിച്ചായിരുന്നു അവതാരകൻ ചോദിച്ചത്. ‘തനിക്ക് ചന്ദ്രനിൽ പോയി പെർഫോം ചെയ്യണം’ എന്നായിരുന്നു തമാശ രൂപേണ കെ-പോപ് സൂപ്പർതാരം മറുപടി നൽകിയത്. എന്നാൽ, അവിടെ കാഴ്ചക്കാരായി ആരുമുണ്ടാകില്ലല്ലോ.. എന്ന എൽവിസ് ഡ്യൂരന്റെ മറുപടിക്ക് സദസ്സിൽ പൊട്ടിച്ചിരിയുയർന്നു. അതിൽ പങ്കുചേർന്ന ജങ്കൂക്ക് "നമുക്ക് അത് ലൈവ് സ്ട്രീം ചെയ്യാം" എന്ന് നിർദ്ദേശിക്കുകയും ചെയ്തു.
നേരത്തെ ബിടിഎസ് ആരാധകരായ ‘ആർമി’ ജങ്കൂക്കിന് ചന്ദ്രനിൽ സ്ഥലം വാങ്ങി നൽകിയിരുന്നു. പിറന്നാൾ സമ്മാനമായിട്ടായിരുന്നു ജങ്കൂക്കിന് ഏവരെയും അമ്പരപ്പിച്ച സമ്മാനം ‘ആർമി’ നൽകിയത്. ഇന്റർനാഷണൽ ലൂണാർ ലാൻഡ് രജിസ്റ്ററിൽ നിന്നാണ് ബിടിഎസ് ഫാൻസ് തങ്ങളുടെ പ്രിയ പോപ് ഗായകന് ചന്ദ്രനിൽ സ്ഥലം വാങ്ങിക്കൊടുത്തത്.
ബിടിഎസിലൂടെ അരങ്ങേറ്റം കുറിച്ചത് മുതൽ സംഗീതരംഗത്ത് തരംഗമായ ജങ്കൂക്കിന്റെ സ്വപ്നം പോപ് രംഗത്തെ സൂപ്പർ സ്റ്റാറാവുക എന്നുള്ളതാണ്. ഇപ്പോൾ തന്നെ ഒരു സൂപ്പർതാരമല്ലേ..? എന്ന അഭിമുഖത്തിലെ ചോദ്യത്തിന് ‘ഞാൻ എന്നെ അങ്ങനെ കാണുന്നില്ല’ എന്നായിരുന്നു കെ-പോപ് താരം മറുപടി നൽകിയത്. എന്തായാലും റാപ്പർ ലാറ്റോയുമൊത്തുള്ള ജങ് കൂക്കിന്റെ ഏറ്റവും പുതിയ ‘സെവൻ’ എന്ന അൽബം ഇപ്പോൾ യൂട്യൂബിലും സ്‍പോട്ടിഫൈയിലുമൊക്കെ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ജങ്കൂക്കിന് ഇന്ത്യയിലും ഏറെ ആരാധകരുണ്ട്. ആർ.ആർ.ആർ എന്ന രാജമൗലി ചിത്രത്തിലെ ഗാനം ജങ്കൂക്ക് ആലപിച്ചത് അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. തന്റെ ലൈവിനിടെ 'നാട്ടു നാട്ടു' വിലെ കുറച്ച് വരികൾ ജങ്കൂക്ക് ആലപിച്ചിരുന്നു. 'നാട്ടു നാട്ടു' പ്ലേ ചെയ്തുകൊണ്ട് ചെറുതായി ചുവടുവെക്കുകയും ചെയ്തു. അതോടെ ബി.ടി.എസ് ആരാധകര്‍ ഗാനം ഏറ്റെടുക്കുകയും 'നാട്ടു നാട്ടു' ട്വിറ്ററില്‍ ട്രെന്റാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.