ഉപഗ്രഹങ്ങൾ ഒറ്റ വിക്ഷേപണത്തിൽ വിജയകരമായി ബഹിരാകാശത്തെത്തിച്ച് സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഐ.എസ്.ആർ.ഒ. മാർക്ക് -3 എം 3 റോക്കറ്റാണ് വിജയകരമായി വിക്ഷേപിച്ചത്. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്. വൺ വെബിന്‍റെ ഉപഗ്രഹ ഇന്‍റർനെറ്റ് സേവനത്തിന് വേണ്ടി തയാറാക്കിയ ഉപഗ്രഹങ്ങളായിരുന്നു ഭ്രമണപഥത്തിൽ എത്തിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു 36 ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതിന്റെയും പിന്നാലെ ഭീമൻ റോക്കറ്റ് കുതിച്ചുയരുന്നതിന്റെയും ഒരു മണിക്കൂർ 17 മിനിറ്റുള്ള വിഡിയോ ഐ.എസ്.ആർ.ഒ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. വിഡിയോ കാണാം..
5805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ മാർക്ക് 3 റോക്കറ്റ് എത്തിക്കുന്നത് 455 കിലോമീറ്റർ അകലെയുള്ള താഴ്ന്ന ഭൗമ ഭ്രമണപഥത്തിലാണ്. ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സംരംഭങ്ങൾക്കും ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള പദ്ധതിയാണ് വ്യവസായി സുനിൽ മിത്തലിന്‍റെ ഭാരതി എന്‍റർപ്രൈസിന് മുഖ്യ നിക്ഷേപമുള്ള വൺ വെബ് കമ്പനിയുടേത്.
ഇതുവരെ വൺ വെബ് 17 ദൗത്യങ്ങളിലായി 582 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ വിക്ഷേപണത്തോടെ മൊത്തം ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി. ഇതോടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാകുമെന്നും ഇന്‍റർനെറ്റ് സേവനം ആരംഭിക്കുമെന്നും വൺ വെബ് അറിയിച്ചു. ജി.എസ്.എൽ.വിയുടെ പരിഷ്കരിച്ച ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാർക് 3 റോക്കറ്റിന് 640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.