തിരുവനന്തപുരം: 200 വർഷത്തിലേറെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ പുതിയ ഇനം തേനീച്ചയെ പശ്ചിമഘട്ട ജൈവ വൈവിധ്യമേഖലയിൽനിന്ന് മലയാളി ഗവേഷക സംഘം കണ്ടെത്തി. ഇരുണ്ട നിറമായതിനാൽ 'എപിസ് കരിഞ്ഞൊടിയൻ' എന്ന ശാസ്ത്രീയ നാമമാണ് നൽകിയത്. 'ഇന്ത്യൻ ബ്ലാക്ക് ഹണിബീ' എന്നാണ് പൊതുനാമം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന ഇനത്തിൽപെട്ട തേനീച്ചയാണെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
കേരള കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം കരമനയിലുള്ള ഇന്‍റഗ്രേറ്റഡ് ഫാമിങ് സിസ്റ്റം റിസർച് സ്റ്റേഷനിലെ അസി. പ്രഫസർ ഡോ. ഷാനസ് എസ്, ചേർത്തല എസ്.എൻ. കോളജ് ജന്തുശാസ്ത്ര വിഭാഗത്തിലെ ഗവേഷക ജി. അഞ്ജു കൃഷ്ണൻ, കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ ബയോടെക്നോളജി വിഭാഗം മേധാവി ഡോ. കെ. മഷ്ഹൂർ എന്നിവരടങ്ങിയ ഗവേഷക സംഘമാണ് പുതിയ ഇനം തേനീച്ചയെ കണ്ടെത്തിയത്.
സെപ്റ്റംബർ ലക്കം 'എന്‍റമോൺ' ജേണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. 1798ൽ ഡെൻമാർക് ശാസ്ത്രജ്ഞനായ ജോഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് കണ്ടെത്തി രേഖപ്പെടുത്തിയ 'എപിസ് ഇൻഡിക്കയാണ്' ഇന്ത്യയിൽനിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച. ഇതിനുശേഷം ആദ്യമായാണ് ഇന്ത്യയിൽ പുതിയ ഇനം തേനീച്ചയെ കണ്ടെത്തുന്നത്. എപിസ് കരിഞ്ഞൊടിയന്‍റെ കണ്ടുപിടിത്തത്തോടെ ലോകത്ത് ഇതുവരെ കണ്ടുപിടിച്ച തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി.
മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായി 'ഇന്ത്യൻ ബ്ലാക്ക് ഹണിബീ'കൾ കൂടുതൽ തേൻ ഉൽപാദിപ്പിക്കും. കട്ടി കൂടുതലുള്ള തേനുമാണ്. ഇതു വ്യവസായിക സാധ്യത വർധിപ്പിക്കുന്നു. ഗോവ, കർണാടക, കേരള-തമിഴ്നാട് പശ്ചിമഘട്ടത്തിന്‍റെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലാണ് എപിസ് കരിഞ്ഞൊടിയൻ കണ്ടുവരുന്നത്. ഇന്‍റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേചറിന്‍റെ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റ് വിഭാഗങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കേരളത്തിൽ ഈ തേനീച്ചയെ വംശനാശ ഭീഷണി നേരിടുന്ന ഇനമായി തരംതിരിച്ചിട്ടുണ്ട്. എപിസ് സെറാന തേനീച്ചയിൽനിന്ന് പരിണാമം സംഭവിച്ചുണ്ടായ കരിഞ്ഞൊടിയന് പശ്ചിമഘട്ടത്തിലെ ചൂടിനോടും ഈർപ്പത്തോടും പൊരുത്തപ്പെടാൻ ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.