കുവൈത്ത് സിറ്റി: ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്കും സംഭാവനയും’ വിഷയത്തിലുള്ള ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശാസ്ത്ര കോൺഗ്രസിൽ പ്രഭാഷകനായി മലയാളി ശാസ്ത്രജ്ഞനും. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ഡോ. ജാഫറലി പാറോലാണ് പ്രഭാഷണം നിർവഹിക്കുക.
ഉച്ചകോടിയിൽ കുവൈത്തിൽനിന്നുള്ള പ്രതിനിധിയായാണ് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞനായ ഡോ. ജാഫറലി പങ്കെടുക്കുന്നത്. ബുധനാഴ്ചയാണ് പ്രഭാഷണം. ഉച്ചകോടിയിൽ ‘സുസ്ഥിര വികസനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ പ്രത്യേക സെഷൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഡോ. ജാഫറലിയുടെ പ്രഭാഷണവും.
ഡോ. ഖാലിദ് എ. മെഹ്ദി (സെക്രട്ടറി ജനറൽ ജി.എസ്.എസ്.സി.പി.ഡി), ഡോ. ഹസൻ കമാൽ (കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗം), ഡോ. ശൈഖ അൽ സനദ് (പ്രോഗ്രാം മാനേജർ, കെ.ഐ.എസ്.ആർ), ഡോ. ഒസാമ അൽസയേഹ് (ശാസ്ത്രജ്ഞൻ), പ്രഫ. ഇയാദ് മസൂദ് (ടെക്സസ് എ ആൻഡ് എം യൂനിവേഴ്സിറ്റി) തുടങ്ങിയവരും പ്രഭാഷകരാണ്. കാലാവസ്ഥാ വ്യതിയാനവും അടിസ്ഥാന സൗകര്യങ്ങളിലുള്ള ആഘാതവും അതിന്റെ പ്രതിരോധശേഷിയും ചർച്ച ചെയ്യാൻ ഈ സെഷൻ ലക്ഷ്യമിടുന്നു.
ഡോ. ജാഫറലി പാറോൽ നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ സയന്റിസ്റ്റായും ജോലിചെയ്തിരുന്നു. അക്കാലത്ത് ഇന്ത്യയിൽ വികസിപ്പിച്ച ‘തേജസ്’ യുദ്ധവിമാനത്തിന്റെ നിർമിതിയിൽ പങ്കാളിയായിരുന്നു.
ഇന്ത്യയിലെ നാഷണൽ എയ്റോസ്പേസ് ലബോറട്ടറികളിലെ സെന്റർ ഫോർ മാത്തമാറ്റിക്കൽ മോഡലിങ് ആൻഡ് കമ്പ്യൂട്ടർ സിമുലേഷനിൽ സീനിയർ റിസർച്ച് ഫെലോ ആയിരുന്നു. ജനറൽ ഇലക്ട്രിക് കമ്പനിയുടെ (ജി.ഇ) ടെക്നിക്കൽ ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്. 50ലധികം അന്താരാഷ്ട്ര ജേണലുകളിലും കോൺഫറൻസിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.