മസ്കത്ത്: ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കുന്ന ഉൽക്കവർഷത്തിന് ഒമാൻ സാക്ഷ്യം വഹിക്കും. വ്യാഴാഴ്ചവരെ രാജ്യത്ത് ഉൽക്കവർഷം ദൃശ്യമാകുമെന്ന് കരുതുന്നുവെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ നിരീക്ഷണ യൂനിറ്റിലെ മുതിർന്ന അംഗം അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു.
രാജ്യത്ത് ദൃശ്യമാകുന്ന ക്വാഡ്രാന്റിഡ്സ് ഉൽക്കവർഷം ഏറ്റവും ശക്തവും സ്ഥിരതയുള്ളതുമായ ഒന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗ്നനേത്രങ്ങൾകൊണ്ട് കാണാവുന്ന ഉൽക്കവർഷത്തിൽ മണിക്കൂറിൽ പരമാവധി 110 ഉൽക്കകൾവരെ കത്തിജ്വലിക്കുമെന്നാണ് കരുതുന്നത്. സുൽത്താനേറ്റിന്റെ എല്ലാ പ്രദേശങ്ങളിൽനിന്നും വിസ്മയദൃശ്യം കണാനാകും. എന്നാൽ, നഗരവെളിച്ചത്തിൽനിന്ന് മാറി ഇരുണ്ട പ്രദേശങ്ങൾ തിരഞ്ഞെടുക്കുന്നതായിരിക്കും ഇത്തരം കാഴ്ചകൾ ആസ്വദിക്കാൻ നല്ലതെന്ന് ബുസൈദി പറഞ്ഞു. ബഹിരാകാശത്തുകൂടി സഞ്ചരിക്കുന്ന ചെറിയ ലോഹീയമോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് ഉൽക്കകൾ എന്നു പറയുന്നത്. ധൂളീകണങ്ങൾ മുതൽ ഒരു മീറ്റർ വരെ വലുപ്പമുള്ളവയാണ് ഇവ.
സെക്കൻഡിൽ 42 മീറ്റർ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് ഒരു അഗ്നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് കൊള്ളിമീനുകൾ എന്നു വിളിക്കുന്നത്. ചില ദിവസങ്ങളിൽ മിനിറ്റുകൾ ഇടവിട്ടുള്ള ഉൽക്കവീഴ്ചകൾ കാണാം. ഈ പ്രതിഭാസത്തെയാണ് ഉൽക്കവർഷം എന്നു വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.