ബംഗളൂരു: ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാൻ റോവർ നിദ്രയിൽനിന്ന് ഉണർന്നില്ലെങ്കിലും ദൗത്യത്തിന് തിരിച്ചടിയാകില്ലെന്ന് ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥ്. ചെയ്യേണ്ടതെല്ലാം റോവർ പൂർത്തിയാക്കിയിട്ടുണ്ടെന്നും ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിക്കവേ അദ്ദേഹം പറഞ്ഞു. ചന്ദ്രനിലെ കടുത്ത കാലാവസ്ഥയിലും അതിശൈത്യത്തിലും റോവറിലെ ഇലക്ട്രോണിക് സർക്യൂട്ടുകൾക്ക് നാശം സംഭവിച്ചിട്ടില്ലെങ്കിൽ വീണ്ടും ഉണരും.
സൂര്യപ്രകാശം പതിക്കാതിരുന്ന ദിനങ്ങളിൽ പൂജ്യത്തിനും 200 ഡിഗ്രി സെൽഷ്യസിനും താഴെയായിരുന്നു ചന്ദ്രനിലെ ഊഷ്മാവ്. ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ‘ചന്ദ്രയാൻ -മൂന്ന്’ വിക്ഷേപിച്ചത്. ആഗസ്റ്റ് 23നാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഭൂമിയിലെ 14 ദിവസങ്ങൾക്ക് സമാനമായ, സൂര്യപ്രകാശമുള്ള ഒരു ചാന്ദ്രദിവസമാണ് ലാൻഡറും റോവറും എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയത്. ചന്ദ്രനിൽ രാത്രിയായതോടെ സെപ്റ്റംബർ രണ്ടിനാണ് ലാൻഡറിനെയും റോവറിനെയും നിദ്രയിൽ (സ്ലീപ്പിങ് മോഡ്) ആക്കിയത്.
ചന്ദ്രനിൽ സൂര്യനുദിച്ച് ദിവസങ്ങൾ പിന്നിട്ടെങ്കിലും വിക്രം ലാൻഡറിൽനിന്നും റോവറിൽനിന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നിദ്രയിൽ ആക്കിയ ഉപകരണങ്ങൾ സൂര്യപ്രകാശമേറ്റ് വീണ്ടും ഉണരുമോ എന്നാണ് നോക്കുന്നത്. അത് സംഭവിച്ചാൽ ചന്ദ്രനിൽ പര്യവേക്ഷണം തുടരാൻ കഴിയും. ഒരു ചാന്ദ്രദിവസം (ഭൂമിയിലെ 14 ദിവസം) കൂടി ഇതിനായി കാത്തിരിക്കാമെന്ന് എസ്. സോമനാഥ് നേരത്തേ പറഞ്ഞിരുന്നു. സൂര്യപ്രകാശം ലഭിക്കുന്നതോടെ ബാറ്ററികൾ സോളാർ പാനലിലൂടെ വീണ്ടും ചാർജ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. 14ാം ദിവസംപോലും ഇതിന് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.