വാഷിങ്ടൺ: നാസയുടെ പുതിയ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് III ൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികർ ഉപയോഗിക്കാൻ പോകുന്ന സ്പേസ് സ്യൂട്ടിന്റെ മാതൃക പുറത്തിറക്കി. ‘ആക്സിയോം സ്പേസ്’ ആണ് പുതിയ സ്യൂട്ട് നിർമിച്ചിരിക്കുന്നത്. ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയ അപ്പോളോ ദൗത്യത്തിൽ നീൽ ആങ്സ്ട്രോങ് ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചത് വെള്ള സ്യൂട്ടായിരുന്നു. അതിന് പകരം ചാരം കലർന്ന കറുപ്പ് നിറത്തിലുള്ളതാണ് പുതിയ സ്യൂട്ട്.
നാസ ആർട്ടെമിസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ സ്യൂട്ടിന്റെ ചിത്രമടക്കം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘സ്പേസ് സ്യൂട്ടിന്റെ മാതൃക ‘ആക്സിയോം സ്പേസ്’ പുറത്തുവിട്ടു. ചന്ദ്രന്റെ സൗത് പോളിലേക്കുള്ള നാസയുടെ ആർട്ടെമിസ് III മിഷനിൽ ബഹിരാകാശ യാത്രികർ ഉപയോഗിക്കാൻ തീരുമാനിച്ചത് ഈ സ്യൂട്ടാണ്. ചന്ദ്രനിൽ കൂടുതൽ ചലന സ്വാതന്ത്ര്യവും സുരക്ഷയും നൽകുന്നതാണ് ഈ സ്യൂട്ട്. കൂടാതെ പുതിയ സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയിട്ടുണ്ട്.’ - നാസ അറിയിച്ചു.
ആക്സിയോം എക്സ്ട്രാ വെഹികുലാർ മൊബിലിറ്റി യൂനിറ്റ് എന്നാണ് സ്യൂട്ടിന്റെ മാതൃക അറിയപ്പെടുന്നത്. കറുപ്പ് സ്യൂട്ടിൽ ചിലയിടങ്ങളിൽ ഓറഞ്ച്, നീല നിറങ്ങളും ഉണ്ട്. മുൻവശത്ത് നടുവിലായി ആക്സിയോമിന്റെ ലോഗോയും കാണാം.
ചന്ദ്രന്റെ പരുത്ത ഉപരിതലത്തിൽ നല്ല സംരക്ഷണം നൽകുന്നതാണ് സ്യൂട്ട്. വിവിധ സൈസിലുള്ള സ്യൂട്ടുകളും സ്ത്രീകൾക്ക് അനുയോജ്യമായ രീതിയിലുള്ളവയും ലഭ്യമാണ്.
പുതിയ ഹെൽമെറ്റ് കാഴ്ചപരിധി കൂട്ടുന്നതാണ്. ബൂട്ടുകൾ ചാന്ദ്രോപരിതലത്തിൽ നടക്കാനായി പ്രത്യേകം ഉണ്ടാക്കിയതാണ്. പൂർണമായും തെർമൽ ഇൻസുലേഷനിലാണ് സ്യൂട്ട് ഇറങ്ങുന്നത്.
2025ലാണ് ആർട്ടെമിസ് III ചന്ദ്രനിലേക്ക് യാത്രക്ക് പദ്ധതിയിട്ടിരിക്കുന്നത്. ആർട്ടെമിസ് III ദൗത്യത്തിലൂടെ ആദ്യമായി വനിതയും ചന്ദ്രനിൽ കാലുകുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.