Representational Image

ഡാർട്ടിന്‍റെ ഇടി പാഴായില്ല, ഡൈമോർഫസിന്‍റെ ചുറ്റിക്കറങ്ങൽ കുറഞ്ഞു

ഭൂമിയിൽ നിന്ന് ഏറെ അകലെയുള്ള ഛിന്നഗ്രഹത്തിൽ നാസയുടെ ഡാർട്ട് മിഷന്‍റെ (ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ്) ഭാഗമായി പേടകം ഇടിച്ചിറക്കിയുള്ള പരീക്ഷണത്തിന് ഫലമുണ്ടായതായി മിഷൻ ടീമിന്‍റെ സ്ഥിരീകരണം. ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ ചുറ്റിക്കൊണ്ടിരുന്ന ഡൈമോർഫസ് എന്ന ഛിന്നഗ്രഹത്തിലാണ് നാസയുടെ പേടകം സെപ്റ്റംബർ 27ന് ഇടിച്ചിറക്കിയത്. ഡൈമോർഫസിന്‍റെ ഗതിമാറ്റുകയായിരുന്നു ലക്ഷ്യം. ഇടി പൂർത്തിയാക്കി ആഴ്ചകളോളം നിരീക്ഷിച്ച ശേഷമാണ് ഡൈമോർഫസിന്‍റെ ഭ്രമണപഥത്തിന് മാറ്റം സംഭവിച്ചതായി മിഷൻ ടീം സ്ഥിരീകരിച്ചത്. ഭാവിയിൽ ഭൂമിക്ക് നേരെ അടുക്കുന്ന ഛിന്നഗ്രഹങ്ങളെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇടിപ്പിച്ച് ഗതിമാറ്റുന്നതിന്‍റെ മുന്നോടിയായുള്ള പരീക്ഷണമായിരുന്നു ഡാർട്ട് മിഷൻ.

ഭൂമിയിൽനിന്ന് 1.1 കോടി കിലോമീറ്റർ അകലെയാണ് ഇരട്ട ഛിന്നഗ്രഹങ്ങളായ ഡിഡിമോസ്-ഡൈമോർഫസിന്‍റെ സ്ഥാനം. ഉപഗ്രഹത്തിന്‍റെ ഇടികൊണ്ട ഡൈമോർഫസിന് എന്ത് മാറ്റമാണുണ്ടായതെന്ന് ശാസ്ത്രലോകം കൗതുകപൂർവം നിരീക്ഷിക്കുകയായിരുന്നു.



(ഡൈമോർഫസ് കൂട്ടിയിടിക്ക് തൊട്ടുമുമ്പ്)

 

11 മണിക്കൂറും 55 മിനിറ്റും എടുത്താണ് ഡൈമോർഫസ് ഡിഡിമോസിനെ വലംവച്ചിരുന്നത്. ഇപ്പോഴത്തെ നിരീക്ഷണം അനുസരിച്ച് 11 മണിക്കൂറും 23 മിനിറ്റും മാത്രമാണ് ഡൈമോർഫസ് ഡിഡിമോസിനെ ചുറ്റാൻ എടുക്കുന്നത്. ഇടിക്ക് ശേഷം 32 മിനിറ്റിന്റെ കുറവുണ്ടായി. നാസ ലക്ഷ്യംവച്ചിരുന്നത് ചുരുങ്ങിയത് 73 സെക്കൻഡിന്റെ മാറ്റമായിരുന്നു. എന്നാൽ അതിനെക്കാൾ 25 മടങ്ങിന്റെ വ്യത്യാസമാണ് കൂട്ടിയിടിയിൽ സംഭവിച്ചിരിക്കുന്നത്.


എത്രത്തോളം ഊർജ്ജം ഈ കൂട്ടിയിടിയിലൂടെ ഡൈമോർഫിസിലേക്കു കൈമാറി എന്ന പഠനത്തിനാണ് നാസ ഊന്നൽ നൽകുന്നത്. പ്രതീക്ഷിച്ചതിലും 25 മടങ്ങിന്റെ വ്യത്യാസമുണ്ടായതും പഠിക്കും. ഭാവിയിൽ ഇരു ഛിന്നഗ്രഹത്തെയും വിശദമായ നിരീക്ഷണത്തിന് വിധേയമാക്കും. ഛിന്ന​ഗ്രഹത്തിന്‍റെ ഗതിമാറ്റാൻ ഡാർട്ടിന് കഴിഞ്ഞതോടെ ഭൗമ പ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പായാണ് മിഷനെ കണക്കാക്കുന്നത്. 

Tags:    
News Summary - NASA’s DART Mission successfully changed the course of an asteroid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.