ദുബൈ: ബഹിരാകാശ ഗവേഷണ രംഗത്തെ അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിനായി യു.എ.ഇ ബഹിരാകാശ നിയമം പരിഷ്കരിക്കുന്നു. പരിഷ്കരിച്ച പതിപ്പ് അടുത്ത വർഷം ആദ്യ പാദത്തിൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ സ്പേസ് ഏജൻസി ഡയറക്ടർ ജനറൽ സലിം ഭട്ടി സലിം അൽ ക്യുബൈസി പറഞ്ഞു. ദുബൈ എയർഷോയിൽ നടന്ന പാനൽ ചർച്ചയിലാണ് ബഹിരാകാശ നിയമത്തിന്റെ പരിഷ്കരണത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ‘ലോകരാജ്യങ്ങളുമായി ബഹിരാകാശ ഗവേഷണ രംഗത്ത് സഹകരണം മെച്ചപ്പെടുത്താൻ പരിഷ്കരിച്ച നിയമ ചട്ടക്കൂട് ആവശ്യമാണ്. യു.എ.ഇയെ സംബന്ധിച്ച് അതൊരു വെല്ലുവിളിയാണെന്ന് തിരിച്ചറിയുന്നു. പക്ഷെ, അതൊരു അവസരം കൂടിയാണ്’- അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഏതൊരു സ്ഥാപനത്തിന്റെയും നിയമപരമായ ചട്ടക്കൂട് പുനഃപരിശോധിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള സമയപരിധി കുറഞ്ഞിട്ടുണ്ട്. അഞ്ച് വർഷത്തിനുപകരം ഇപ്പോഴത് ഇത് മൂന്ന് വർഷമായി മാറിയിരിക്കുന്നു. പുതിയ ബഹിരാകാശ നിയമത്തിന്റെ ചട്ടക്കൂടുകുൾ പൂർത്തിയാക്കിയത് ഈ വർഷമാണ്. അതിന് സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണെന്നും അൽ ക്യുബൈസി പറഞ്ഞു. 2019ൽ ആണ് യു.എ.ഇ ദേശീയ ബഹിരാകാശ നിയമം ആദ്യമായി അവതരിപ്പിച്ചത്. ഒമ്പത് ചാപ്റ്ററുകളും 54 ആർട്ടിക്കിളുകളും അടങ്ങിയ ഈ നിയമം 2020ൽ പ്രാബല്യത്തിലായി. രാജ്യത്തെ ബഹിരാകാശ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഈ നിയമത്തിന് വലിയ പങ്കുണ്ട്. ബഹിരാകാശ ഏജൻസികളുമായി ബന്ധപ്പെട്ട ആർട്ടിക്കിളുകളിൽ നിന്ന് മേഖലയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ആർട്ടിക്കിളുകളെ വേർതിരിക്കുന്നതാണ് പുതിയ നിയമത്തിലെ പ്രധാന മാറ്റം.
മേഖലയിൽ കൂടുതൽ ഉത്തരവാദിത്തപരമായ സമീപനം സ്വീകരിക്കാൻ നിയമത്തിലെ പരിഷ്കരിച്ച ചട്ടക്കൂട് സഹായിക്കും. ബഹിരാകാശ മേഖലയിൽ ലൈസൻസുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം, പരിശോധന എന്നിവ ഉൾകൊള്ളുന്നതാണ് പുതിയ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ പ്രാബല്യത്തിൽ വന്ന നിയമം ബഹിരാകാശ ഗവേഷണത്തിനായുള്ള ഉപകരണങ്ങളുടെ ഉടമസ്ഥത, ബഹിരാകാശ സഞ്ചാരികളുടെ ഗവേഷണ യാത്ര, സ്പേസ് ടൂറിസം ഫ്ലൈറ്റുകളുടെ പ്രവർത്തനം എന്നിവയെ നിയന്ത്രിക്കാൻ ഉതകുന്നതാണ്. കൂടാതെ മേഖലയിലെ നിയമലംഘനങ്ങൾക്ക് 10 ദശലക്ഷം ദിർഹം പിഴയും നിയമം അനുശാസിക്കുന്നുണ്ട്. പരിഷ്കരിച്ച നിയമത്തിലെ അഞ്ചു നിയന്ത്രണങ്ങൾക്ക് ഈ വർഷം തുടക്കത്തിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. അടുത്ത വർഷം ആദ്യ പാദത്തോടെ കൂടുതൽ നിയമങ്ങൾ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.