ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും. ഈ വർഷത്തെ അവസാനത്തെ ഭാഗിക സൂര്യഗ്രഹണമാണിത്. വൈകീട്ട് 4.29 മുതലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. വടക്കുകിഴക്കൻ മേഖലകളിലെ ചില സംസ്ഥാനങ്ങളൊഴികെ ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാവും. ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടുനിൽക്കും.
ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഭോപാൽ, ചണ്ഡീഗഢ് എന്നിവയാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങൾ. ഭാഗിക സൂര്യഗ്രഹണം ഏറ്റവും കൂടുതൽ സമയം കാണാൻ സാധിക്കുക ഗുജറാത്തിലെ ദ്വാരകയിലാണ്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് ഏറ്റവും കുറഞ്ഞ സമയം ദൃശ്യമാകുക. 12 മിനിറ്റ് മാത്രമേ ഇവിടെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുകയുള്ളൂ.
കേരളത്തിൽ 10 ശതമാനത്തിൽ താഴെ മാത്രമേ സൂര്യബിംബം മറയ്‌ക്കപ്പെടുകയുള്ളു. വൈകീട്ട് 5.52നാണ് കേരളത്തിൽ ഗ്രഹണം കാണാനാവുക. കോഴിക്കോട് 7.5 ശതമാനവും തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും. 2027 ആഗസ്റ്റ് രണ്ടിനാണ് ഇന്ത്യയിൽ അടുത്ത സൂര്യഗ്രഹണം ദൃശ്യമാവുക.
എന്താണ് സൂര്യഗ്രഹണം
സുര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ വരികയും സൂര്യൻ മുഴുവനായും മറയപ്പെടുകയും ചെയ്യുന്ന പ്രതിഭാസത്തെയാണ് സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്. എന്നാൽ സൂര്യൻ ഭാഗികമായി മാത്രം മറയപ്പെടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാവുന്നത്.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
സൂര്യഗ്രഹണം ഒരിക്കലും നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കരുത്. ഇത് കാഴ്ചശക്തിയെ ദോഷകരമായി ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് സൺ ഫിൽട്ടർ പേപ്പറുകൾ, എക്ലിപ്സ് ഗ്ലാസുകൾ തുടങ്ങിയ സോളാർ ഫിൽട്ടറുകൾ ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.