ദുബൈ: അറബ് ലോകത്തിന്റെ ആദ്യ ചാന്ദ്രദൗത്യമായ റാശിദ് റോവറിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ രണ്ടാം ദൗത്യം പ്രഖ്യാപിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം. അഭിലാഷങ്ങളാൽ സ്ഥാപിതമായ രാജ്യമാണ് യു.എ.ഇയെന്നും ഞങ്ങൾ പിന്നോട്ടില്ലെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ഇമാറാത്തിന്റെ പതാകയുമേന്തി ചന്ദ്രോപരിതലത്തിൽ റാശിദ് -1 ഉണ്ട്. 1971 ഡിസംബർ രണ്ടുമുതൽ യു.എ.ഇ മുന്നോട്ടുതന്നെയാണ്. ഈ രാജ്യം ഒരിക്കലും നിലച്ചിട്ടില്ല, നിലക്കുകയുമില്ല. ചെറിയ ലക്ഷ്യങ്ങൾ കുറിക്കാറുമില്ല. റാശിദ് റോവറിലൂടെ ചന്ദ്രനിലെത്താനുള്ള തങ്ങളുടെ അഭിലാഷങ്ങൾ വളർത്തുന്നതിൽ യു.എ.ഇ വിജയിച്ചു. നൂതന ബഹിരാകാശ പദ്ധതികൾ കൈകാര്യം ചെയ്യാൻ കഴിവുള്ള യുവാക്കളുടെയും സ്ത്രീകളുടെയും സംഘത്തെ സൃഷ്ടിക്കുന്നതിൽ വിജയിച്ചുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
റാശിദ്-2നായി ഒരുക്കങ്ങൾ ഉടൻ തുടങ്ങാൻ ശൈഖ് മുഹമ്മദിന്റെ നിർദേശം ലഭിച്ചതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. റിസ്ക് എടുക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ അപകടമെന്ന് ശൈഖ് മുഹമ്മദ് മുമ്പ് പറഞ്ഞിട്ടുണ്ട്.
ഏത് ബഹിരാകാശ ദൗത്യത്തിന്റെയും ഭാഗമാണ് ഇത്തരത്തിലുള്ള റിസ്ക്. എന്നാൽ, ബഹിരാകാശത്തിന്റെ പുതിയ അതിരുകൾ പര്യവേക്ഷണം ചെയ്യുന്നതിൽനിന്ന് ഇത് തങ്ങളെ ഒരിക്കലും പിന്തിരിപ്പിച്ചിട്ടില്ല. തങ്ങളുടെ ആഗ്രഹങ്ങൾക്ക് അതിരുകളില്ല. യു.എ.ഇയെ മുൻനിര ബഹിരാകാശ രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.