റിയാദ്: ബഹിരാകാശ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട തത്വശാസ്ത്രത്തെയും പര്യവേക്ഷണങ്ങളെയും സംബന്ധിച്ച സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന രണ്ടാമത് അന്താരാഷ്ട്ര ഫിലോസഫി കോൺഫറൻസിന് റിയാദിൽ തുടക്കം.
ബഹിരാകാശ തത്വശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ത്രിദിന കോൺഫറൻസ് 'അറിവും പര്യവേക്ഷണവും: ബഹിരാകാശം, സമയം, മാനവികത' എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. യു.എസ്, യു.കെ, യു.എ.ഇ, മെക്സിക്കോ, സിംഗപ്പൂർ, ഇറ്റലി, ജർമനി, ഈജിപ്ത് അടക്കം ലോകത്തെ 19-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രഭാഷകരാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്.
സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമീഷൻ ഡയറക്ടർ ബോർഡ് അംഗം ഡോ. സഅദ് അൽ ബാസിഈ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബഹിരാകാശത്ത് ഇതുവരെ ചാർട്ടർ ചെയ്യാത്ത മണ്ഡലങ്ങളിൽ പര്യവേക്ഷണം നടത്തുന്നതിൽ താല്പരരായി ലോകരാഷ്ട്രങ്ങളിൽ നിന്ന് കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയവരെ സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഈ സമ്മേളനം ബൗദ്ധിക അന്വേഷണത്തിലേക്ക് താൽപര്യ പൂർവം വഴി തെളിയിക്കുന്ന ഒരു വേദിയാണ്. ആശയങ്ങളെ ഉൾക്കൊള്ളാൻ തക്കവിധം വിശാലവുമാണ്. മാനവികതയെക്കുറിച്ചുള്ള ദാർശനിക ധാരണയിൽ നിന്നാണ് നമ്മുടെ പ്രമേയം രൂപപ്പെട്ടിട്ടുള്ളത്. വരും ദിവസങ്ങളിൽ ഈ ആശയവും ചർച്ചകളും എങ്ങനെ വികസിക്കുന്നുവെന്ന് കാണാൻ ഞങ്ങൾ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്' ഡോ.ബാസിഈ പറഞ്ഞു.
സൗദി സ്‌പേസ് കമ്മീഷൻ സി.ഇ.ഒയുടെ പ്രത്യേക ഉപദേഷ്ടാവും ഡൈവേഴ്‌സിറ്റി ആൻഡ് ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ വൈസ് പ്രസിഡന്റുമായ മിഷാൽ അൽശമിംരി മുന്നോട്ട് വെച്ച 'ഗ്രഹകുടിയേറ്റത്തിന് എന്ത് തയാറെടുപ്പുകളാണ് നാം നടത്തേണ്ടത്?' എന്ന ആശയത്തെ സംബന്ധിച്ചായിരുന്നു ആദ്യദിന ചർച്ച. ഭൂമിയിലെ ജീവിതം മാനവരാശിക്ക് മുന്നിൽ ഉയർത്തുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ ചൊവ്വയെപ്പോലുള്ള ഗ്രഹങ്ങളിലേക്കുള്ള കുടിയേറ്റ സാധ്യതകൾ പര്യവേക്ഷണം ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്യേണ്ടതുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തലിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനുള്ള പ്രായോഗിക വെല്ലുവിളികളെക്കുറിച്ചും അവർ സംസാരിച്ചു.
'മനുഷ്യർ എന്ന നിലയ്ക്ക് നമ്മുടെ ഭാവിക്കായി നാം തയ്യാറെടുക്കണം. ഭൂമിയെ ചുറ്റുന്ന എല്ലാത്തിനെയും നമുക്ക് നിരീക്ഷിക്കാൻ കഴിയും, നമുക്ക് അറിയാത്ത പലതും ഉണ്ട്. പ്രതികരിക്കാൻ സമയമില്ലാത്തവർക്കായി നാം തയ്യാറെടുക്കണം. ഒരു ഗ്രഹമാറ്റ സാധ്യത മനുഷ്യരാശിയുടെ അതിജീവനം വർധിപ്പിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. 'നാളത്തെ തത്ത്വചിന്തകർ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെഷൻ 'വായനയ്ക്കിടയിലെ വരികൾ' എന്ന സംവാദ മത്സരം, ഫിലോസഫിക്കൽ ക്യാമ്പ് ഉദ്ഘാടനം തുടങ്ങിയവ വരുംദിനങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.