ആഴക്കടൽ രഹസ്യങ്ങൾ തേടി ‘സമുദ്രയാൻ’; ‘മത്സ്യ 6000’ അന്തർവാഹിനിയുടെ ആദ്യ പരീക്ഷണ യാത്ര 2024ൽ

ന്യൂഡൽഹി: ആഴക്കടലിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ ശാസ്ത്രീയ പര്യവേക്ഷണ അന്തർവാഹിനിയായ 'മത്സ്യ 6000'ന്‍റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. സമുദ്രയാൻ പദ്ധതിക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻ.ഐ.ഒ.ടി) ആണ് കടലിന്‍റെ ആഴത്തിലേക്ക് മൂന്ന് പേർക്ക് സഞ്ചരിക്കാവുന്ന അന്തർവാഹിനി നിർമിക്കുന്നത്. ചാന്ദ്ര പര്യവേക്ഷണത്തിനുള്ള ചന്ദ്രയാനും സൂര്യ പര്യവേക്ഷണത്തിനുള്ള ആദിത്യ എൽ1നും ശേഷം സമുദ്ര രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ പദ്ധതിയാണ് സമുദ്രയാൻ.

Full View


സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗത്തിനുള്ള സാങ്കേതികവിദ്യകൾ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയാണ് സമുദ്രയാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അന്തർവാഹിനിയിൽ കടലിന്‍റെ ആറു കിലോമീറ്റർ അഴത്തിൽ മൂന്നു പേർക്ക് ശാസ്ത്രീയ പര്യവേക്ഷണം നടത്താൻ സാധിക്കും. 2024 ജനുവരി മുതൽ കടലിനടിയിൽ 500 മീറ്റർ ആഴത്തിൽ പരീക്ഷണം ആരംഭിക്കാനാണ് തീരുമാനം. 2026ഓടെ പൂർണ തോതിൽ പര്യവേക്ഷണം ആരംഭിച്ചേക്കും.


കടലിൽ 6000 മീറ്റർ ആഴത്തിലേക്കാണ് പര്യവേക്ഷണ അന്തർവാഹിനി സഞ്ചരിക്കുക. ഇതിൽ 12 മണിക്കൂറാണ് മൂന്നു പേർ ചെലവഴിക്കേണ്ടത്. ഗവേഷണത്തിന് ആറു മണിക്കൂറും തിരികെ മടങ്ങുന്നതിന് മൂന്നു മണിക്കൂറും സമയം വേണം. സെക്കൻഡിൽ 30 മീറ്ററാണ് അന്തർവാഹിനിയുടെ കടലിനടിയിലേക്കുള്ള സഞ്ചാര വേഗത. സമുദ്രനിരപ്പിൽ അനുഭവപ്പെടുന്നതിനേക്കാൾ 600 മടങ്ങ് കൂടുതലായിരിക്കും കടലിനടിയിലെ മർദം. കൂടാതെ, സമുദ്രനിരപ്പുമായി താരതമ്യം ചെയ്യുമ്പോൾ താപനില 2 ഡിഗ്രി സെൽഷ്യസായി കുറയും.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ചൊവ്വയിലെ റോവറിനെ നിയന്ത്രിക്കാൻ കഴിയും. എന്നാൽ, വെള്ളത്തിൽ 20 മീറ്ററിൽ താഴെയുള്ളത് നിയന്ത്രിക്കാനാവില്ല. വൈദ്യുത കാന്തിക തരംഗങ്ങൾ സഞ്ചരിക്കില്ല. ഇത്രയും ആഴത്തിൽ ആശയവിനിമയം നടത്താനുള്ള സംവിധാനങ്ങളില്ല. സാഹചര്യങ്ങൾക്ക് അനുസൃതമായി തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രാവീണ്യമുള്ള ഒരാളെ കണ്ടെത്തുന്നതാണ് വെല്ലുവിളിയെന്നും എൻ.ഐ.ഒ.ടി മേധാവി ആനന്ദ് രാമദാസ് ചൂണ്ടിക്കാട്ടുന്നു.


22 എം.എം കനവും 2.1 മീറ്റർ വ്യാസവുമുള്ള ഉരുക്ക് കൊണ്ട് ഗോളാകൃതിയിൽ നിർമിച്ചതാണ് അന്തർവാഹിനി. പൈലറ്റും രണ്ട് ശാസ്ത്രജ്ഞരും ഉൾപ്പെടുന്നതാണ് യാത്രികർ. തെർമോപ്ലാസ്റ്റിക് കൊണ്ട് നിർമിച്ച വൃത്താകൃതിയിലുള്ള ജനാലകൾ വഴി കടലിന്‍റെ ഉൾവശം യാത്രികർക്ക് കാണാനാവും.

അന്തർവാഹിനിയിലെ യാത്രക്കാരുടെ സുരക്ഷക്കാണ് മുൻതൂക്കം നൽകുന്നതെന്ന് എൻ.ഐ.ഒ.ടി ശാസ്ത്രജ്ഞനായ സത്യനാരായണൻ പറയുന്നു. ഇതിനായാണ് ഉരുക്ക് കൊണ്ടുള്ള പര്യവേക്ഷണ വാഹനം നിർമിച്ച് 500 മീറ്റർ താഴ്ചയിൽ പരീക്ഷിച്ചത്. കൂടാതെ, ജീവൻ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ ഏഴ് മീറ്റർ ആഴത്തിൽ മനുഷ്യരെ എത്തിച്ചും പരീക്ഷണം പൂർത്തിയാക്കിയെന്ന് സത്യനാരായണൻ പറഞ്ഞു.


മർദത്തെ അതിജീവിക്കാൻ സാധിക്കുന്ന വസ്തുക്കളാണ് വാഹനത്തിന്‍റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഗോളാകൃതിയും ടൈറ്റാനിയം ലോഹക്കൂട്ടും ഉപയോഗിക്കുക വഴി വാഹനത്തിന്‍റെ ഭാരം കുറക്കാനും യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. 12 മണിക്കൂർ പര്യവേക്ഷണം കൂടാതെ 96 മണിക്കൂർ ജീവൻ നിലനിർത്താനുള്ള സംവിധാനം അന്തർവാഹിനിയിലുണ്ട്.

1000 മീറ്റർ ആഴത്തിൽ ഗ്യാസ് ഹൈഡ്രേറ്റുകളും 5000 മീറ്ററിൽ ലോഹങ്ങളാൽ സമ്പന്നമായ പോളി മെറ്റാലിക് നോഡ്യൂളുകളും 3000 മീറ്ററിൽ ഹൈഡ്രോതെർമൽ സൾഫൈറ്റുകളും ലഭ്യമാണ്. ഈ ധാതുക്കൾ കണ്ടെത്താനും പര്യവേക്ഷണം ചെയ്യാനും അന്തർവാഹിനി ആവശ്യമാണെന്ന് ആനന്ദ് രാമദാസ് ചൂണ്ടിക്കാട്ടുന്നു.


‘മത്സ്യ 6000’ന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ യുഎസ്, റഷ്യ, ഫ്രാൻസ്, ജപ്പാൻ, ചൈന എന്നിവക്ക് ശേഷം മനുഷ്യന് പര്യവേക്ഷണം നടത്താനുള്ള അന്തർവാഹിനി വികസിപ്പിച്ച ലോകത്തിലെ ആറാമത്തെ രാജ്യമാകും ഇന്ത്യ.

Tags:    
News Summary - Samudrayaan: India's first manned submersible 'Matsya 6000'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:23 GMT