എസ്.എസ്.എൽ.വി ദൗത്യം; ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമായെന്ന് ഐ.എസ്.ആർ.ഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ എസ്.എസ്.എൽ.വി-ഡി 1 ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണത്തിൽ തിരിച്ചടി. സാങ്കേതിക തകരാർ കാരണം വിക്ഷേപണം വിജയത്തിലേക്കെത്തിയില്ല. ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമായതായും ഐ.എസ്.ആർ.ഒ വ്യക്തമാക്കി. വിക്ഷേപണ പരാജയം സമിതി പഠിക്കുമെന്നും എസ്.എസ്.എൽ.വി ഡി 2 ദൗത്യവുമായി തിരിച്ചെത്തുമെന്നും ഐ.എസ്.ആർ.ഒ പ്രസ്താവനയിൽ പറഞ്ഞു.

വിക്ഷേപണത്തിന്‍റെ ആദ്യഘട്ടങ്ങൾ വിജയകരമാണെങ്കിലും ഒടുവിൽ ബന്ധം നഷ്ടമാകുകയായിരുന്നു. സെൻസർ പരാജയമാണ് വിക്ഷേപണം പരാജയപ്പെടുന്നതിലേക്ക് നയിച്ചതെന്ന് ഐ.എസ്.ആർ.ഒ വിശദീകരിച്ചു.


ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. അഞ്ചുമണിക്കൂറായിരുന്നു വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ. ഇത് ഞായറാഴ്ച പുലർച്ചെ 2.26നാണ് ആരംഭിച്ചത്.

137 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-02, 'സ്​പേസ് കിഡ്സ് ഇന്ത്യ' വിദ്യാർഥി സംഘം നിർമിച്ച ഉപഗ്രഹം 'ആസാദിസാറ്റ്' എന്നിവയാണ് ഡി1 മിഷനിൽ ഐ.എസ്.ആർ.ഒ വിക്ഷേപിച്ചത്. പരാജയത്തോടെ ഈ ഉപഗ്രഹങ്ങൾ നഷ്ടമായി.

പി.എസ്.എൽ.വി, ജി.എസ്.എൽ.വി ദൗത്യങ്ങൾക്കുശേഷമാണ് പ്രഥമ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് (എസ്.എസ്.എൽ.വി) നിർമിക്കുന്നത്. ഉപഗ്രഹങ്ങൾ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായാണ് ഇവ ഉപയോഗിക്കുക. 10 മുതല്‍ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയുടെ 500 കിലോമീറ്റർ ​താഴെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ഇതിനാകും.

Tags:    
News Summary - Satellites no longer usable: ISRO declares SSLV maiden mission as failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.