സൗദിയുടെ ബഹിരാകാശ ലക്ഷ്യങ്ങൾ; കിരീടാവകാശിയുടെ അധ്യക്ഷതയിൽ 'സുപ്രീം സ്‌പേസ് കൗൺസിൽ'

ജിദ്ദ: ബഹിരാകാശം സംബന്ധിച്ച സൗദി അറേബ്യയുടെ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ 'സുപ്രീം സ്‍പേസ് കൗൺസി'ൽ സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​ൻ നേതൃത്വം നൽകുന്ന കൗൺസിൽ രൂപവത്കരിക്കാനാണ് ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ തീരുമാനമെടുത്തത്. ബഹിരാകാ​ശത്തെ സൗദി ലക്ഷ്യങ്ങൾക്കായി നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും ഇനി ഈ സ്‍പേസ് കൗൺസിലിന്റെ കീഴിലായിരിക്കും. ഈ രംഗത്ത് രാജ്യം വലിയ മുന്നേറ്റമാണ് ആഗ്രഹിക്കുന്നത്. നിരവധി ദൗത്യങ്ങൾ ഈ വഴിക്ക് നടക്കുന്നുണ്ട്. അതിന് വേഗത നൽകാൻ പുതിയ കൗൺസിൽ രൂപവത്കരണത്തിലൂടെ സാധിക്കും.

റിയാദിലെ അൽയമാമ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗം മറ്റ് ചില സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. 'കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷ'​ന്റെ പേരിൽ മാറ്റം വരുത്താനെടുത്ത തീരുമാനമാണ് മറ്റൊന്ന്​. ബഹിരാകാശ ദൗത്യങ്ങളെ കൂടി കമീഷന്റെ പരിധിയിൽ കൊണ്ടുവന്നു. 'കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ' എന്നാണ് ഈ വകുപ്പ് ഇനി അറിയപ്പെടുക. നയതന്ത്ര ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും സഹകരണം വിശാലമാക്കുന്നതിനും കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയും വിവിധ രാജ്യങ്ങളും തമ്മിൽ നടന്ന മൊത്തത്തിലുള്ള ചർച്ചകളും യോഗങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു. ജോർഡാൻ, ബഹ്‌റൈൻ, സുഡാൻ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിൽ നിക്ഷേപം ലക്ഷ്യമിട്ട് 9,000 കോടി റിയാൽ വരെ മൂല്യമുള്ള അഞ്ച് പ്രാദേശിക കമ്പനികൾ സ്ഥാപിക്കാനുള്ള സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ്​ ഫണ്ടിന്റെ തീരുമാനം യോഗം ചർച്ച ചെയ്തു. കിരീടാവകാശിയാണ് കമ്പനികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞദിവസം നടത്തിയത്.

ലോകത്തിന്റെ നാനാഭാഗത്ത് നിന്നെത്തിയ നിക്ഷേപകരെയും വ്യവസായികളെയും വിവിധ രംഗങ്ങളിലെ വിദഗ്ധരെയും പ​ങ്കെടുപ്പിച്ച് റിയാദിൽ ഫ്യൂച്ചർ ഇനിഷ്യേറ്റീവ് ഇൻസിറ്റ്യറ്റൂട്ട് നടത്തിയ ആറാമത് ഭാവിനിക്ഷേപ ഉച്ചകോടിയുടെ വിജയത്തെ മന്ത്രിസഭ പ്രശംസിച്ചു. നിലവിൽ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് നിരവധി ആശയങ്ങളും പരിഹാരങ്ങളും രൂപവത്കരിക്കുന്നതിലും നിക്ഷേപ മേഖലയെ പിന്തുണയ്ക്കുന്നതിലും കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പിടുന്നതിലും പ്രാദേശിക, പ്രാദേശിക, അന്തർദേശീയ സംരംഭങ്ങൾ ആരംഭിക്കുന്നതിലും ഉച്ചകോടി വലിയ സംഭാവന നൽകിയതായി മന്ത്രിസഭ വിലയിരുത്തി.

Tags:    
News Summary - saudis space plans; 'Supreme Space Council' chaired by the Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:23 GMT