ടെർമിനേറ്ററിലെ വില്ലൻ യാഥാർഥ്യമാകുന്നു..? ദ്രാവക രൂപം പ്രാപിക്കാൻ കഴിയുന്ന റോബോട്ടുമായി ശാസ്ത്രജ്ഞർ -VIDEO

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1991ൽ റിലീസ് ചെയ്ത ‘ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ’ എന്ന ചിത്രത്തിലെ പ്രധാന വില്ലനെ ഓർമയില്ലേ.. ഇഷ്ടമുള്ള രൂപം സ്വീകരിക്കാൻ കഴിയുമെന്നതാണ് ടി-1000 എന്ന പേരിലെത്തിയ  വില്ലന്റെ പ്രത്യേകത. ദ്രാവക രൂപത്തിൽ നിന്ന് റോബോട്ടിക് രൂപത്തിലേക്ക് മാറിവരുന്ന ടി-1000 ഒരു ഭീതി പരത്തുന്ന ഓർമയാണ്. ചൈനയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ അതുപോലുള്ള റോബോട്ടിനെ യാഥാർഥ്യമാക്കി കൊണ്ടിരിക്കുകയാണ്. 


രൂപമാറ്റം വരുത്തി ദ്രാവക രൂപത്തിലാകാൻ കഴിയുന്ന ഷേപ്പ് ഷിഫ്റ്റിങ് ഹ്യൂമനോയിഡ്, മിനിയേച്ചർ റോബോട്ടുകളെ തങ്ങൾ സൃഷ്ടിച്ചെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. റോബോട്ടിന്റെ പ്രവർത്തന രീതിയുടെ പ്രദർശന ദൃശ്യങ്ങൾ അവർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, പുതിയ കണ്ടെത്തൽ പല സാഹചര്യങ്ങളിലായി പ്രായോഗികമാക്കാനുള്ള വഴികൾ തേടുകയാണവർ.

റോബോട്ടുകൾ കിടങ്ങുകൾക്ക് മുകളിലൂടെ ചാടുന്നതിന്റെയും മതിലിന് മുകളിൽ കയറുന്നതിന്റെയും ദൃശ്യങ്ങൾ ഗവേഷകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സ്വയം പകുതിയായി മുറിഞ്ഞ് രണ്ട് കഷണങ്ങളും ചേർന്ന് വസ്തുക്കളെ ചലിപ്പിക്കുന്നതടക്കമുള്ള വിഡിയോകളും കൗതുകത്തോടെയാണ് നെറ്റിസൺസ് കണ്ടത്. കാന്തിക സ്വഭാവമുള്ള ഷേപ് ഷിഫ്റ്റ് റോബോട്ടുകളെ വൈദ്യുതി കടത്തിവിട്ട് ഉപകരണത്തെ നിയന്ത്രിക്കാനും ഉപയോഗിക്കാം.

"ചില പ്രത്യേക മെഡിക്കൽ, എൻജിനീയറിങ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഞങ്ങൾ ഈ മെറ്റീരിയൽ സിസ്റ്റത്തെ കൂടുതൽ പ്രായോഗിക വഴികളിലൂടെ മുന്നോട്ട് കൊണ്ടുപോകുകയാണ്" എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഹോങ്കോങ്ങിലെ ചൈനീസ് യൂനിവേഴ്സിറ്റി എൻജിനീയർ ചെങ്ഫെങ് പാൻ പറഞ്ഞു.

മനുഷ്യ വയറിന്‍റെ മോഡലിൽ നടത്തിയ പരീക്ഷണത്തിൽ, ഗവേഷകർ റോബോട്ടുകളുടെ സഹായത്തോടെ വയറിൽ കുടുങ്ങിയ വസ്തുവിനെ പുറത്തെടുക്കുകയും അവിടെ മരുന്ന് വെക്കുകയും ചെയ്തു. കൂടാതെ, സർക്യൂട്ടുകളിലേക്ക് ഒലിച്ചിറങ്ങാനും പിന്നീട് അവയെ കൂട്ടിച്ചേർക്കാനും നന്നാക്കാനും റോബോട്ടുകളെ ഉപയോഗിക്കാമെന്നും അവർ കാണിച്ചുതന്നു. അതുപോലെ മനുഷ്യ കരങ്ങൾക്ക് എത്തിച്ചേരാൻ പ്രയാസമുള്ളിടത്തുള്ള സ്ക്രൂകളും മറ്റും റിപ്പയർ ചെയ്യാനും ഈ റോബോട്ടുകൾ സഹായിക്കും.

Full View

ബയോമെഡിക്കൽ പശ്ചാത്തലത്തിൽ ഈ റോബോട്ടുകളെ എങ്ങനെ ഉപയോഗിക്കാമെന്ന് ഭാവിയിൽ കൂടുതൽ പര്യവേക്ഷണം ചെയ്യണമെന്ന് പരീക്ഷണങ്ങൾക്ക് കാര്യമായ സംഭാവന നൽകിയ കാർണഗീ മെലോൺ സർവകലാശാലയിലെ കാർമൽ മജിദി പറഞ്ഞു. ‘‘ഞങ്ങൾ ഇപ്പോൾ കാണിക്കുന്നത് റോബോട്ടിന്റെ പ്രവർത്തന രീതികളുടെ പ്രദർശനങ്ങളും ഈ ആശയത്തിന്റെ തെളിവുകളും മാത്രമാണ്, എന്നാൽ ഇത് യഥാർത്ഥത്തിൽ മെഡിക്കൽ രംഗത്തടക്കം എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കാൻ കൂടുതൽ പഠനം ആവശ്യമാണ്’’ -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Scientists create robots that can turn themselves into liquid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.