ചന്ദ്രയാൻ 3ന്‍റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല; ലാൻഡർ ഇറങ്ങിയ സ്ഥലത്തിന്‍റെ ചിത്രവുമായി ദക്ഷിണ കൊറിയൻ ഉപഗ്രഹം

ബംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡർ ഇറങ്ങിയ ചന്ദ്രോപരിതലത്തിന്‍റെ ചിത്രം പകർത്തി ദക്ഷിണ കൊറിയയുടെ ചാന്ദ്രാ ദൗത്യ ഉപഗ്രഹമായ ഡനൂറി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തിയ ശിവശക്തി പോയിന്‍റിന്‍റെ ചിത്രമാണ് ആഗസ്റ്റ് 28ന് ഡനൂറി പകർത്തിയത്. ദക്ഷിണ കൊറിയയിലെ ഇന്ത്യൻ എംബസിയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്.


Full View

2022 ആഗസ്റ്റ് നാലിനാണ് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ ദക്ഷിണ കൊറിയ ഡനൂറി (കൊറിയ പാഥ്‌ഫൈൻഡർ ലൂണാർ ഓർബിറ്റർ-കെ.പി.എൽ.ഒ) ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. 100 കിലോമീറ്റർ അടുത്തും 300 കിലോമീറ്റർ അകലെയുമുള്ള ചന്ദ്രന്‍റെ ഭ്രമണപഥത്തിലാണ് ഉപഗ്രഹം വലംവെക്കുന്നത്.

ദക്ഷിണ കൊറിയ എയ്റോ സ്പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (KARI) ആദ്യ ചാന്ദ്രാദൗത്യമാണിത്. നാസയുടെ ഷാഡോ കാമറ അടക്കം ആറ് ഉപകരണങ്ങളാണ് ചന്ദ്രനിൽ പരീക്ഷണം നടത്തുക. 2025 ഡിസംബർ വരെ കൊറിയൻ ഉപഗ്രഹം പര്യവേക്ഷണം നടത്തുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ചന്ദ്രോപരിതലത്തിൽ ആഗസ്റ്റ് 23ന് ഇറങ്ങിയ ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡർ ഭൂമിയിലെ 14 ദിവസങ്ങൾക്ക് സമാനമായ ഒരു ചാന്ദ്രദിവസം പര്യവേക്ഷണം വിജയകരമായി പൂർത്തിയാക്കി. ചന്ദ്രനിൽ രാത്രി ആരംഭിച്ചതോടെ ദക്ഷിണ ധ്രുവത്തിൽ പര്യവേക്ഷണം നടത്തിയ ലാൻഡറും റോവറും പ്രവർത്തനം അവസാനിപ്പിച്ച് നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറി.

Full View

ലാൻഡറിലെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ലേസർ റെട്രോറിഫ്ലക്ടർ അറേ (എൽ.ആർ.എ) എന്ന ഉപകരണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ചാന്ദ്രരാത്രികളിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്താൻ എൽ.ആർ.എ സഹായിക്കും. ചന്ദ്രനിലെ ഒരു രാത്രി (ഭൂമിയിലെ 14-15 ദിവസം) കഴിഞ്ഞ് സൂര്യപ്രകാശം വീണ്ടും ചന്ദ്രനിൽ പതിക്കുന്ന സെപ്റ്റംബർ 22ന് ലാൻഡറും റോവറും വീണ്ടും ഉണരുമെന്നാണ് പ്രതീക്ഷ. ഉണർന്നാൽ വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണത്തിനായി ലഭിക്കും.

Tags:    
News Summary - South Korea’s lunar orbiter Danuri Capture the landing site of Chandrayaan-3 lander of Moon’s surface

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.