ദുബൈ: ബഹിരാകാശത്ത് വീണ്ടും വീണ്ടും ചരിത്രമെഴുതുകയാണ് യു.എ.ഇ. ഭൂമിയിൽ മാത്രമല്ല, ആകാശലോകത്തും ഒന്നാമനാകണമെന്ന നിശ്ചയദാർഢ്യത്തോടെ കുതിക്കുന്ന രാജ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ നേട്ടമാണ് സുൽത്താൻ അൽ നിയാദിയുടെ യാത്ര. ചൊവ്വാദൗത്യം വിജയിപ്പിച്ചും ചന്ദ്രനിലേക്ക് പേടകം അയച്ചും അറബ് ലോകത്ത് ഒന്നാമതെത്തിയ യു.എ.ഇ ബഹിരാകാശത്ത് ഏറ്റവും ദൈർഘ്യമേറിയ ആദ്യ അറബ് ദൗത്യത്തിനാണ് വ്യാഴാഴ്ച തീ കൊളുത്തിയത്. പതിറ്റാണ്ട് മുമ്പേ നിശ്ചയിച്ചുറപ്പിച്ച വഴിയിലൂടെ സഞ്ചരിക്കുന്ന രാജ്യം ഇനിയുമേറെ യാത്ര ചെയ്യാനുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുന്നതാണ് ഭാവി പദ്ധതികൾ.
തുടക്കം ഹസ്സയിൽ (2019 സെപ്റ്റംബർ 25)
യു.എ.ഇ പൗരനെ ബഹിരാകാശത്തെത്തിക്കുക എന്ന ദൗത്യവുമായി 2017ലാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആസ്ട്രോനോട്ട് പ്രോഗ്രാം പ്രഖ്യാപിച്ചത്. യു.എ.ഇയുടെ ആദ്യ ബഹിരാകാശയാത്രികനാകാൻ അപേക്ഷിച്ചത് 4022 പേരായിരുന്നു. ഇവരിൽനിന്നാണ് ഹസ്സ അൽ മൻസൂരിയെ യാത്രക്ക് തിരഞ്ഞെടുത്തത്. ഏതെങ്കിലും കാരണവശാൽ ഹസ്സയുടെ യാത്ര തടസ്സപ്പെട്ടാൽ ബഹിരാകാശക്കുതിപ്പ് നടത്താൻ രണ്ടാമനായി സുൽത്താൻ നിയാദിയെയും തിരഞ്ഞെടുത്തു. 2019 സെപ്റ്റംബർ 25നാണ് ഹസ്സയിലൂടെ ബഹിരാകാശത്ത് ആദ്യമായി അറബ് പൗരന്റെ പാദമുദ്ര പതിഞ്ഞത്. കസാഖ്സ്താനിലെ ബൈകനൂർ കോസ്മോഡ്രോമിൽനിന്ന് നാസയുടെ പര്യവേക്ഷക ജസീക മീർ, റഷ്യൻ കമാൻഡർ ഒലേഗ് സ്ക്രിപോച്ച്ക എന്നിവർക്കൊപ്പം സോയൂസ് എം.എസ് 15 എന്ന പേടകത്തിലായിരുന്നു ഹസ്സയുടെ യാത്ര. ഒക്ടോബർ നാലു വരെ സംഘം ഇവിടെ തുടർന്നു. എട്ടു ദിവസത്തിനുശേഷം തിരിച്ചെത്തിയ ഹസ്സക്ക് രാജകീയ സ്വീകരണമാണ് ഒരുക്കിയത്.
ചരിത്രമെഴുതി ചൊവ്വ (2020 ജൂലൈ 20)
ഹസ്സ അൽ മൻസൂരിയുടെ ആദ്യ ബഹിരാകാശ യാത്രക്കു പിന്നാലെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പ്രഖ്യാപനമെത്തി- ‘അടുത്ത ലക്ഷ്യം ചൊവ്വയാണ്. അതും സമ്പൂർണമായി യു.എ.ഇ യുവത രൂപകൽപന ചെയ്ത സാങ്കേതിക സംവിധാനങ്ങളോടെ’. തൊട്ടടുത്ത വർഷംതന്നെ ഈ പ്രഖ്യാപനം യാഥാർഥ്യമായി. 2020 ജൂലൈ 20ന് അറബ് ലോകത്തെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകം ഹോപ് പ്രോബ് (അൽ അമൽ) ചൊവ്വയിലേക്കു കുതിച്ചു. യു.എ.ഇയുടെ 50ാം വാർഷികം ആഘോഷിച്ച 2021 ഫെബ്രുവരി ഒമ്പതിന് ഹോപ് ചൊവ്വയിലെത്തി. ശാസ്ത്രജ്ഞന്മാർ 50 ശതമാനം മാത്രം വിജയസാധ്യത കൽപിച്ച ഹോപ് ഇപ്പോഴും വിജയകരമായി ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്നു. ചൊവ്വയിൽ പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറുകയും ചെയ്തു. ആദ്യ ശ്രമത്തിൽതന്നെ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ രാജ്യമെന്ന നേട്ടവും യു.എ.ഇ സ്വന്തമാക്കി. ഇന്ത്യയുടെ മംഗൾയാൻ ഉൾപ്പെടെ രണ്ടു രാജ്യങ്ങൾ മാത്രമാണ് ചൊവ്വാദൗത്യം ആദ്യ ശ്രമത്തിൽതന്നെ ലക്ഷ്യത്തിലെത്തിച്ചിരുന്നത്. 686 ദിവസം (ചൊവ്വയിലെ ഒരു വർഷം) ഹോപ് ചൊവ്വയിലുണ്ടാവും. ഇതിനകം നിരവധി ചിത്രങ്ങൾ ഹോപ്പിൽനിന്ന് ലഭിച്ചുകഴിഞ്ഞു. 735 ദശലക്ഷം ദിർഹമാണ് ഹോപ്പിന്റെ നിർമാണ ചെലവ്.
ചന്ദ്രനിലേക്ക് (2022 ഡിസംബർ 11)
അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യം ‘റാശിദ്’ റോവർ കുതിപ്പ് തുടങ്ങിയത് 2022 ഡിസംബർ 11നാണ്. യു.എസിലെ േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകം 2023 ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷ.
ഐ സ്പേസ് നിർമിച്ച ‘ഹകുട്ടോ-ആർ മിഷൻ-1’ എന്ന ജാപ്പനീസ് ലാൻഡറിലാണ് ‘റാശിദി’ന്റെ കുതിപ്പ്. സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റാണ് ‘റാശിദി’നെ വഹിക്കുന്നത്. അഞ്ചു മാസംകൊണ്ട് 3,85,000 കിലോമീറ്ററാണ് റാശിദ് സഞ്ചരിക്കേണ്ടത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും. ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേരാണ് പേടകത്തിനിട്ടിരിക്കുന്നത്. ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കുംശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും. ഇന്ത്യയുടെ ചാന്ദ്രയാൻ വിക്ഷേപണം വിജയകരമായിരുന്നെങ്കിലും വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറക്കിയതുമൂലം ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചുള്ള റോവറിന്റെ പര്യവേക്ഷണം സാധ്യമായിരുന്നില്ല.
യാത്ര തുടരും
ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. നൂറ്റാണ്ടിനപ്പുറവും സ്വപ്നം കാണുകയാണ് യു.എ.ഇ. അടുത്ത ലക്ഷ്യം ശുക്രനാണ്. ശുക്ര ഗ്രഹത്തിന്റെയും സൗരയൂഥത്തിലെ ഏഴ് ഛിന്നഗ്രഹങ്ങളെയും പര്യവേക്ഷണം നടത്താനുള്ള പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. ചൊവ്വക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹവലയം പര്യവേക്ഷണം ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ 2028ലാണ് പര്യവേക്ഷണം ആസൂത്രണം ചെയ്തിരിക്കുന്നത്. 3.6 ബില്യൺ കിലോമീറ്ററാണ് ദൂരം. ചൊവ്വയിലേക്കുള്ള ഹോപ് പേടകത്തിന്റെ ഏഴു മടങ്ങ് യാത്ര. ഛിന്നഗ്രഹത്തിൽ എത്തുന്ന ആദ്യ അറബ് ബഹിരാകാശ ദൗത്യമായിരിക്കും ഇത്.
ബഹിരാകാശ ഏജൻസിയുടെ ദൗത്യത്തിന്റെ ഭാഗമായി അഞ്ചു പുതിയ പദ്ധതികൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇമാറാത്തി ബഹിരാകാശ ബിസിനസ് വളർത്തിയെടുക്കുക, കരാറുകളിൽ യു.എ.ഇ കമ്പനികൾക്ക് മുൻഗണന നൽകുക, യുവാക്കളെ പരിശീലിപ്പിക്കുന്നതിന് പ്രോഗ്രാം സംഘടിപ്പിക്കുക, പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സർവകലാശാലകളെ ദൗത്യത്തിന്റെ ഭാഗമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചൊവ്വയിൽ മനുഷ്യവാസമുള്ള ഗ്രാമം നിർമിക്കുക എന്നതാണ് യു.എ.ഇയുടെ വരുംകാല ലക്ഷ്യങ്ങളിലൊന്ന്. 2117ലാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിനായുള്ള വിത്തിടലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.