അജ്മീർ ദർഗയിൽ പ്രാർത്ഥന, ഗംഗയിൽ ആരതി...; കണ്ണും കാതും ചന്ദ്രയാൻ-3ലേക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ-3ന്‍റെ വിജയകരമായ സോഫ്റ്റ്ലാൻഡിങ്ങിനായി രാജ് ലോകമൊന്നാകെ ഉറ്റുനോക്കിക്കൊണ്ടിരിക്കെ വിവിധയിടങ്ങളിൽ പ്രാർത്ഥനകൾ. അജ്മീർ ദർഗയിലും ഗംഗയിലുമെല്ലാം പ്രത്യേകം പ്രാർത്ഥനകളാണ് നടക്കുന്നത്.

ഋഷികേശിലെ പർമത് നികേതൻ ഘാട്ടിൽ ചന്ദ്രയാൻ-3ന്‍റെ വിജയത്തിനായി ആരതി നടന്നു. രാജസ്ഥാനിലെ അജ്മീർ ദർഗയിൽ പ്രത്യേകം പ്രാർത്ഥനകൾ സംഘടിപ്പിച്ചു.


മധ്യപ്രദേശിലെ ബഗേശ്വര് ധാം ക്ഷേത്രത്തിൽ ചന്ദ്രയാൻ-3ന്‍റെ വിജയത്തിനായി നടത്തിയ പ്രത്യേക ചടങ്ങുകളിൽ പങ്കെടുക്കാൻ നിരവധി ഭക്തരാണ് എത്തിയത്.

വാരാണസിയിൽ സന്യാസിമാരുടെ സംഘം വിവിധ പൂജ ചടങ്ങുകൾ നടത്തി.

ചന്ദ്രയാന്‍-3ന്‍റെ ലാൻഡിങ്ങിന്‍റെ ലൈവ് ടെലികാസ്റ്റ് ഇന്ന് വൈകുന്നേരം 5.20ഓടെ ആരംഭിക്കും. ചരിത്ര സംഭവത്തിന്‍റെ സ്ട്രീമിങ് ഐ.എസ്.ആർ.ഒ വെബ്സൈറ്റിലും യുട്യൂബ് ചാനിലലും ഫേസ്ബുക്ക് പേജിലും കാണാം. 5.27 മുതൽ ഡി.ഡി നാഷണൽ ചാനലിലും ടെലികാസ്റ്റ് ഉണ്ടാകും.

നെഞ്ചിടിപ്പിന്റെ അവസാന 18 മിനിറ്റ്

ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചരിത്ര സ്പർശത്തിനായുള്ള ചന്ദ്രയാൻ- മൂന്നിന്റെ കുതിപ്പിൽ അതി നിർണായകമാവുന്നത് വേഗതകുറച്ച് ലാൻഡർ ചന്ദ്രനിലിറങ്ങുന്ന നാലുമണിക്കൂറിലെ അവസാന 18 മിനിറ്റ്. ചന്ദ്രന് ഏകദേശം 30 കിലോമീറ്റർ അകലെനിന്ന് ബുധനാഴ്ച വൈകീട്ട് 5.45ന് ആരംഭിക്കുന്ന ലാൻഡർ മൊഡ്യൂളിന്റെ മൃദു ഇറക്ക പ്രക്രിയ (സോഫ്റ്റ് ലാൻഡിങ്) 6.04 ന് വിജയകരമായി പൂർത്തിയാവുന്നതുവരെ ശാസ്ത്രലോകത്തിന് നെഞ്ചിടിപ്പാണ്.

ലാൻഡർ മൊഡ്യൂളിനെ ലംബമാക്കി നിർത്തിയശേഷം ലാൻഡറിലെ ത്രസ്റ്റർ എൻജിനുകളിൽ രണ്ടെണ്ണം വിപരീത ദിശയിൽ ജ്വലിപ്പിച്ച് വേഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്ന് ഗർത്തങ്ങളും പാറക്കല്ലുകളും തടസ്സമില്ലാത്ത ഉപരിതലത്തിൽ മൃദു ഇറക്കം നടത്തുകയാണ് ലക്ഷ്യം. ഈ ഘട്ടത്തിലാണ് ഐ.എസ്.ആർഒയുടെ രണ്ടാം ചാന്ദ്രദൗത്യം തകരാറിലായി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്. ഭയാശങ്കകൾ നിറഞ്ഞ ഈ അവസാന 19 മിനിറ്റിൽ ഐ.എസ്.ആർ.ഒയുടെ ആസൂത്രണങ്ങളെല്ലാം വിചാരിച്ചതുപോലെ നടപ്പായാൽ ദൗത്യം വിജയിക്കും. ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിലെ നാഴികക്കല്ലായി അതു മാറും.

Tags:    
News Summary - special prayers for the success of Chandrayaan 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.