ഭൂമിയുടെ നാലിരട്ടി പിണ്ഡമുള്ളതും 37 പ്രകാശവർഷം അകലെയുള്ളതുമായ പുതിയ സൂപ്പർ എർത് കണ്ടെത്തിയതായി നാസ. റോസ് 508 ബി എന്നാണ് സൂപ്പർ എർതിന് പേരിട്ടിരിക്കുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നതുപോലെ സൂപ്പർ എർത് എം-ടൈപ്പ് കുള്ളൻ നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. സൂര്യനേക്കാൾ ചൂടുകുറഞ്ഞതും മങ്ങിയതുമായ നക്ഷത്രമാണ് എം-ടൈപ്പ്. റോസ് 508 ബി എക്സോപ്ലാനറ്റിന്റെ ഉപരിതലത്തിൽ ജലസാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സുബാരു ദൂരദർശിനിയിലെ (IRD-SSP) ഇൻഫ്രാറെഡ് സ്പെക്ട്രോഗ്രാഫ് (IRD) ഉപയോഗിച്ച് സുബാരു സ്ട്രാറ്റജിക് പ്രോഗ്രാമാണ് റോസ് 508 ബി കണ്ടെത്തിയത്. നമ്മുടെ സൗരയൂഥത്തിന്റെ പരിസരത്ത് ചുവന്ന കുള്ളൻ നക്ഷത്രങ്ങൾ ധാരാളമുണ്ട്. മിൽക്കിവെ ഗാലക്സിയിലെ നക്ഷത്രങ്ങളുടെ മുക്കാൽ ഭാഗവും ഇത്തരം കുള്ളൻ നക്ഷത്രങ്ങളാണ്. കുറഞ്ഞ പിണ്ഡമുള്ള കുള്ളൻ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളിൽ ജീവന്റെ സാധ്യതയെക്കുറിച്ചുള്ള ഭാവി നിരീക്ഷണങ്ങൾക്ക് പുതിയ കണ്ടുപിടിത്തം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഇതിനുമുമ്പും സൂപ്പർ എർത് കണ്ടെത്തിയിരുന്നു
നാസയുടെ ടെസ് മിഷൻ (ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്) ഭൂമിയേക്കാൾ 50 ശതമാനം വലുപ്പമുള്ളതും ചൂടുള്ളതും പാറയുള്ളതുമായ ഒരു ഗ്രഹത്തെ നേരത്തേയും കണ്ടെത്തിയിരുന്നു. TOI-561b എന്ന് പേരിട്ട ഈ ഗ്രഹത്തിന് ഭൂമിയേക്കാൾ മൂന്നിരട്ടി പിണ്ഡമുണ്ടെങ്കിലും ഭൂമിയുടെ അതേ സാന്ദ്രതയാണ്. ഗ്രഹത്തിൻ്റെ സ്ഥാനം സൗരയൂഥതിന് പുറത്തായതിനാൽ ഇതിനേയും ഒരു എക്സോപ്ലാനറ്റ് ആയാണ് കണക്കാക്കുന്നത്.
കൗതുകകരമായ കാര്യം, കൂടുതൽ പിണ്ഡമുള്ളതും എന്നാൽ ഭൂമിയുടെ അതേ സാന്ദ്രതയുമായ എക്സോപ്ലാനറ്റ് (TOI-561b ) അതിന്റെ ആതിഥേയ നക്ഷത്രത്തിന് ചുറ്റും ഭ്രമണപഥം പൂർത്തിയാക്കാൻ 24 മണിക്കൂറിൽ പകുതിയിൽ താഴെ സമയമേ എടുക്കുന്നുള്ളു എന്നതാണ്. ഈ സവിശേഷതകൾ കാരണമാണ്, എക്സോപ്ലാനറ്റിനെ 'സൂപ്പർ എർത്' എന്നും വിളിക്കുന്നത്.
നാസയുടെ ടെസ് ദൗത്യമാണ് എക്സോപ്ലാനറ്റ് കണ്ടെത്തിയത്. TESS Object of Interest (TOI) ൽ നിന്നാണ് TOI-561b എന്ന പേര് ഉത്ഭവിച്ചത്. 2018 ൽ ആരംഭിച്ച നാസയുടെ ടെസ് മിഷൻ ആകാശത്തിന്റെ ചില ഭാഗങ്ങൾ പരിശോധിക്കുകയും സമീപത്തുള്ള നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും അവിടെ ചുറ്റുന്ന ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.