ബംഗളൂരു: ചന്ദ്രന്‍റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ മൂന്ന് പേടകം. ഇറങ്ങുന്നതിനിടെയും ഇറങ്ങിയ ശേഷവും പേടകത്തിലെ കാമറകൾ പകർത്തിയ ചിത്രങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. പേടകം ഇറങ്ങാൻ തെരഞ്ഞെടുത്തത് ചന്ദ്രോപരിതലത്തിലെ പരന്ന പ്രതലമാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. ലാൻഡറിന്‍റെ കാലുകളും ചിത്രത്തിൽ കാണാം.
ലാൻഡർ ഇമേജർ കാമറയാണ് ലാൻഡർ ഇറങ്ങിയ ശേഷമുള്ള ചിത്രം പകർത്തിയത്. പേടകത്തിന്‍റെ വേഗത കുറക്കുന്നതിനിടെ ചന്ദ്രന്‍റെ ചിത്രങ്ങൾ പകർത്തിയത് ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി കാമറയാണ്.
അതിനിടെ, ചന്ദ്രന്‍റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ 3 പേടകം ബംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രവുമായി ബന്ധം സ്ഥാപിച്ചു. പേടകത്തിൽ നിന്നുള്ള സന്ദേശങ്ങൾ ബംഗളൂരുവിലെ നിരീക്ഷണ കേന്ദ്രമാണ് സ്വീകരിക്കുന്നത്.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.