മസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടന്ന ഒമാൻസ് സയൻസ് ഫെസ്റ്റിവലിന് വിദ്യാർഥികളിൽനിന്ന് ലഭിച്ചത് മികച്ച പ്രതികരണം. ഒക്ടോബർ ഒന്നുമുതൽ 15വരെ നടന്ന പരിപാടിയിൽ ഏകദേശം 3,00,000 കുട്ടികളാണ് സന്ദർശിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ സ്‌കൂളുകൾ, യൂനിവേഴ്‌സിറ്റി, ഇൻസ്റ്റിറ്റ്യൂട്ടുകൾ, ടെക്‌നിക്കൽ, മിലിട്ടറി കോളജുകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളായിരുന്നു മേളയിൽ പങ്കെടുക്കാനായെത്തിയത്.
വിവിധ ചർച്ച സെഷനുകളിൽ ശാസ്ത്രത്തിലും നൂതനാശയങ്ങളിലും താൽപര്യമുള്ള നിരവധിപേർ പങ്കെടുത്തു.
സയൻസ്, ഇന്നവേഷൻ, ശാസ്ത്രഗവേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിദ്യാർഥികളോടും ശാസ്ത്ര കുതുകികളോടും ക്രിയാത്മകമായി സംവദിക്കാൻ മേളക്ക് കഴിഞ്ഞു.
ശാസ്ത്ര സെമിനാറുകൾ, നൂതനാശയങ്ങളുടെ ശാസ്ത്രീയ പ്രദർശനങ്ങൾ, പരീക്ഷണങ്ങൾ, ശാസ്ത്രീയ മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ തുടങ്ങിയവ കുട്ടികളുടെ ശാസ്ത്രീയ ബോധങ്ങളും ചിന്തകളും ഉണർത്തുന്നതിന് സഹായകഗായി. 25 ശാസ്ത്ര സിനിമകളും മേളയിൽ പ്രദർശിപ്പിച്ചു. സ്റ്റെമസോൺ കോർണർ, ഹാക്കത്തോണുകൾ, പ്രോഗ്രാമിങ്, റോബോട്ടുകൾ, ഡ്രോണുകൾ, വിവിധ ശാസ്ത്ര മത്സര കോർണർ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു.
മേളയിലൂടെ ആഗ്രഹിച്ച ലക്ഷ്യങ്ങൾ നേടിയിട്ടുണ്ടെന്നും ഫെസ്റ്റിവലിൽ പങ്കെടുത്ത ഭൂരിഭാഗംപേരും ഉന്നത പഠനത്തിന് പ്രധാന വിഷയമായി ശാസ്ത്രം തെരഞ്ഞെടുക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ഒമാൻ സയൻസ് ഫെസ്റ്റിവലിന്റെ മെയിൻ കമ്മിറ്റി ചെയർമാനും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയുമായ ഡോ. ഖമീസ് ബിൻ അബ്ദുല്ല സമാപന പ്രസംഗത്തിൽ പറഞ്ഞു. ശാസ്ത്രകാര്യങ്ങളെ കൂടുതൽ അറിയാൻ പ്രചോദനം നൽകുന്നതായിരുന്നു ഫെസ്റ്റിവലെന്ന് പങ്കെടുത്തവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.