ദുബൈ: സുൽത്താൻ അൽ നിയാദിയുടെ യാത്രക്കുമുമ്പ് അറബ് ലോകത്തുനിന്ന് ബഹിരാകാശത്ത് എത്തിയത് മൂന്നുപേർ മാത്രം. നക്ഷത്രം എന്നർഥമുള്ള ‘നജ്മ്’ എന്ന അറബിപദവും ബഹിരാകാശസഞ്ചാരികൾ എന്നർഥമുള്ള ‘അസ്ട്രോനട്ട്’ എന്ന ഇംഗ്ലീഷ് പദവും ചേർത്ത ‘നജ്മോനട്ട്’ എന്നാണ് ഇവർ അറിയപ്പെടുന്നത്.
കൂട്ടത്തിൽ ആദ്യത്തെയാൾ സൗദിയുടെ സുൽത്താൻ ബിൻ സൽമാൻ ആൽ സഊദ് രാജകുമാരനാണ്. സൗദി രാജകുടുംബാംഗമായ ഇദ്ദേഹം ഏഴു ദിവസത്തെ ബഹിരാകാശദൗത്യത്തിന് പുറപ്പെട്ടത് 1985 ജൂൺ 17നാണ്. ബഹിരാകാശത്തുവെച്ച് ആദ്യമായി ഖുർആൻ പാരായണം ചെയ്യുകയും സൗദി അറേബ്യയുടെ ഫോട്ടോകൾ എടുക്കുകയും ചെയ്ത ഏക വ്യക്തിയായി ഇദ്ദേഹം വാർത്തകളിൽ ഇടംപിടിക്കുകയുണ്ടായി. സിറിയൻ പൈലറ്റും വ്യോമസേന ഉദ്യോഗസ്ഥനുമായ മുഹമ്മദ് ഫാരിസാണ് രണ്ടാമത്തെയാൾ.
1987 ജൂലൈ 22ന് സോയൂസ് ടി.എം-3 ബഹിരാകാശപേടകത്തിൽ ഗവേഷണ ബഹിരാകാശയാത്രികനായി ഇദ്ദേഹം പറന്നു. എട്ടു ദിവസം ബഹിരാകാശത്ത് ചെലവഴിച്ച അദ്ദേഹം നിരവധി പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് രണ്ടു പതിറ്റാണ്ടിലേറെ കാലം അറബ് ലോകത്തുനിന്ന് ‘നജ്മോനട്ടു’കളുണ്ടായില്ല. പിന്നീട് 2019ൽ യു.എ.ഇയുടെ ഹസ്സ അൽ മൻസൂരി എട്ടു ദിവസത്തെ ദൗത്യത്തിന് പുറപ്പെട്ടതാണ് മൂന്നാമത്തെ അറബ് ബഹിരാകാശ യാത്രയായി രേഖപ്പെടുത്തപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.