സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് ഇവ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി രൂപയുടെ നിക്ഷേപവും 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടാകും.

കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം സയന്‍സ് പാര്‍ക്കുകളുടെ പ്രിന്‍സിപ്പല്‍ അസോസിയറ്റ് യൂനിവേഴ്‌സിറ്റികള്‍ യഥാക്രമം കണ്ണൂര്‍ യൂനിവേഴ്സിറ്റി, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജി, കേരള യൂനിവേഴ്‌സിറ്റി എന്നിവയായിരിക്കും.

കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്‍സ് പാര്‍ക്കുകൾ സ്ഥാപിക്കുക. കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനായിരിക്കും (കെ.എസ്.സി.എസ്.ടി.ഇ) പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല. സയന്‍സ് പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാൻ കെ.എസ്.ഐ.ടി.എലിനെ ചുമതലപ്പെടുത്തി. ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ എക്‌സ് -ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രഫ. കെ.പി സുധീര്‍ ചെയര്‍മാനായ ഒമ്പതംഗ കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് രൂപവത്കരിച്ചു. പ്രത്യേക റിസോഴ്‌സ് ടീമിനെയും നിയമിക്കും. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകൾ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള രോഗബാധിതർക്ക് ചികിത്സ ലഭ്യമാക്കാൻ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കാനും ഭരണാനുമതി നല്‍കി. യഥാക്രമം 34.74 കോടി, 34.92 കോടി രൂപയുടെ എസ്റ്റിമേറ്റുകള്‍ക്കാണ് അനുമതി നല്‍കിയത്.

Tags:    
News Summary - Three science parks will start in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.