മനുഷ്യനെയും വഹിച്ചുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ പര്യവേക്ഷണമായ ‘ഗഗൻയാൻ’ ദൗത്യത്തിന്റെ യാത്രികരെ പ്രഖ്യാപിച്ചതോടെ ഇന്ത്യയും ഐ.എസ്.ആർ.ഒയും മറ്റൊരു ചരിത്രദൗത്യത്തിനായുള്ള തയാറെടുപ്പുകളിലേക്ക്. കഴിഞ്ഞ 22 വർഷത്തിനിടെ ഐ.എസ്.ആർ.ഒയുടെ സുപ്രധാന ദൗത്യങ്ങളിൽ ഒന്നൊഴികെ ബാക്കിയെല്ലാം വിജയമായിരുന്നു.
ചന്ദ്രയാൻ-1 (2008), മംഗൾയാൻ (2014), അസ്ട്രോസാറ്റ് (2015), ചന്ദ്രയാൻ3 (2023), ആദിത്യ എൽ1 (2023), എക്സ്പോ സാറ്റ് (2024) തുടങ്ങിയവയുടെ വിജയവിക്ഷേപണങ്ങളോടെതന്നെ ഈ രംഗത്ത് നമ്മുടെ രാജ്യം ആർജിച്ച മികവ് ലോകം കണ്ടതാണ്. ആകെക്കൂടി പറയാവുന്ന ഒരപവാദം, സോഫ്റ്റ് ലാൻഡിങ്ങിൽ ചന്ദ്രയാൻ-2നുണ്ടായ (2019) പരാജയമായിരുന്നു. 2006 മുതൽ ഗഗൻയാൻ ദൗത്യം ഐ.എസ്.ആർ.ഒയുടെ അജണ്ടയിലുണ്ട്.
ഇതുസംബന്ധിച്ച പ്രാഥമിക പ്രവർത്തനങ്ങൾ തൊട്ടടുത്ത വർഷങ്ങളിൽ തുടങ്ങുകയും ചെയ്തു. 2017ലെ സ്വാതന്ത്ര്യദിനത്തിൽ മോദി നടത്തിയ പ്രസംഗത്തിലാണ് ഗഗൻയാൻ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2022ഓടെ വിക്ഷേപണം നടത്താനായിരുന്നു പദ്ധതിയെങ്കിലും പല കാരണങ്ങളാൽ നീണ്ടു. 2020ലും 21ലും മനുഷ്യരില്ലാത്ത വാഹനം വിക്ഷേപിക്കുകയും തുടർന്ന് മൂന്നുപേരെ ബഹിരാകാശത്തേക്ക് അയക്കുകയുമാണ് ലക്ഷ്യമിട്ടത്.
ഈ വർഷം ജൂലൈക്കുശേഷം മനുഷ്യരില്ലാത്ത ‘ഗഗൻയാൻ’ കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണഘട്ടം വിജയിച്ചാൽ, 2025 ആഗസ്റ്റിൽ ഗഗൻയാൻ മനുഷ്യനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിക്കും. നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ജപ്പാനും ഇന്ത്യക്കൊപ്പം പരീക്ഷണഘട്ടത്തിലാണ്.
ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെ ഭൂമിയുടെ ഭ്രമണപഥത്തിൽ യാത്രികരെ എത്തിക്കുകയാണ് ഗഗൻയാനിലൂടെ ലക്ഷ്യമിടുന്നത്. യാത്രികർ മൂന്ന് ദിവസം ബഹിരാകാശത്ത് തങ്ങും. ഈ സമയത്തിനുള്ളിൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ ഇവർ അവിടെ നിർവഹിക്കും.
ജീവശാസ്ത്ര സംബന്ധിയായ നാലു പരീക്ഷണങ്ങൾ ഇവർ നടത്തും. ഇതിനുപുറമെ, ബഹിരാകാശ നടത്തം പോലുള്ള ആക്ടിവിറ്റികളും നിർവഹിക്കും. എൽ.എം.വി റോക്കറ്റിലാകും ഗഗൻയാൻ കുതിക്കുക. ഐ.എസ്.ആർ.ഒയുടെ ഏറ്റവും മികച്ച റോക്കറ്റുകളിലൊന്നാണിത്.
ഏഴ് വിജയദൗത്യങ്ങളാണ് ഈ റോക്കറ്റിലൂടെ സാധ്യമായിട്ടുള്ളത്. 8000 കി.ഗ്രാമാണ് ഗഗൻയാൻ വാഹനത്തിന്റെ ഭാരം. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്: ക്രൂ മൊഡ്യൂളും സർവിസ് മൊഡ്യൂളും. ക്രൂ മൊഡ്യൂളിൽ യാത്രികർ ഇരിക്കും. ഇതിന് ഇരട്ടഭിത്തിയായിരിക്കും.
മൂന്നു ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷമുള്ള യാത്രികരുടെ തിരിച്ചിറക്കമാണ് ഈ ദൗത്യത്തിൽ ഏറ്റവും വെല്ലുവിളി. യാത്രികരുമായി വാഹനം ബംഗാൾ ഉൾക്കടലിലാകും ഇറങ്ങുക. വാഹനം അന്തരീക്ഷത്തിൽ തിരിച്ചുപ്രവേശിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അമിത താപത്തെയും മറ്റും ചെറുക്കേണ്ടതുണ്ട്.
ഇത് കരുതലോടെ മാത്രം നിർവഹിക്കേണ്ട കാര്യമാണ്. ഇതിനായി, പലഘട്ടത്തിലുള്ള പരീക്ഷണങ്ങളും പരിശീലന പദ്ധതികളും നടന്നിട്ടുണ്ട്. 2014ൽ പേടകത്തിന്റെ ആദ്യരൂപം വിജയകരമായി ബംഗാൾ ഉൾക്കടലിൽ തിരിച്ചിറക്കി. 2018ൽ അൽപം കൂടി വിപുലമായ പരീക്ഷണവും വിജയിച്ചതോടെയാണ് യാത്രികരെ അന്തിമ പരിശീലനത്തിനയക്കാനുള്ള ആത്മവിശ്വാസം ഐ.എസ്.ആർ.ഒക്ക് ലഭിച്ചത്.
2022ലും നിർണായ പരീക്ഷണം വിജയിച്ചു. പരിശീലനം പൂർത്തിയാക്കുന്ന നാലുപേരിൽ ന്ന് മൂന്ന് പേരാണ് ഗഗൻയാനിൽ ബഹിരാകാശത്തെത്തുക. ഇവർ ആരൊക്കെയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ദൗത്യത്തിനിടെ, അപ്രതീക്ഷിത തിരിച്ചടി നേരിട്ടാൽ യാത്രികരെ സുരക്ഷിതമാക്കുന്നതിനുള്ള ‘പ്ലാൻ ബി’യും ഐ.എസ്.ആർ.ഒ വിജയകരമാക്കിയിരുന്നു. ക്രൂ എസ്കേപ് സിസ്റ്റം ഉള്‍പ്പെടുന്ന ആദ്യ അബോര്‍ട്ട് പരീക്ഷണമായ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന് -1 (ടിവി ഡി-1) ഒക്ടോബര്‍ 21നായിരുന്നു. ബഹിരാകാശത്തുവെച്ച് റോക്കറ്റില്‍നിന്ന് ക്രൂ മൊഡ്യൂള്‍ മാതൃക ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തുകയും തുടര്‍ന്ന്, വീണ്ടെടുക്കുകയും ചെയ്തതായിരുന്നു ഈ പരീക്ഷണം.
ഇങ്ങനെ കടലിൽ വീഴ്ത്തുന്ന പേടകം ശരിയായ ദിശയിൽ പൊങ്ങിനിൽക്കുന്നത് ഉറപ്പാക്കുന്നതിനുള്ള ടിവി ഡി-2 പരീക്ഷണം ഉടന്‍ നടത്താനിരിക്കുകയാണ് ഐ.എസ്.ആർ.ഒ. ഗഗന്‍യാന്റെ പാരച്യൂട്ട് സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.