ദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യമായ യു.എ.ഇയുടെ ‘റാശിദ്’ റോവർ കുതിപ്പ് തുടരുന്നു. കഴിഞ്ഞ മാസം 11ന് വിക്ഷേപിച്ച പേടകം ഭൂമിയിൽനിന്ന് പുറപ്പെട്ട് ഒരു മാസം പിന്നിടുമ്പോൾ 13.4 ലക്ഷം കി.മീറ്റർ പിന്നിട്ടതായി മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം വെളിപ്പെടുത്തി. ഒരാൾ കാറിൽ ഭൂമിയെ 33.5 തവണ പ്രദക്ഷിണം ചെയ്യുന്നതിന് തുല്യമായ ദൂരമാണിത്. ലക്ഷ്യത്തിലേക്ക് ശരിയായ ദിശയിലാണ് പേടകത്തിന്റെ സഞ്ചാരമെന്നും ചന്ദ്രോപരിതലത്തിൽ പേടകം ഇറക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി യു.എ.ഇയെ മാറ്റുമെന്നും കേന്ദ്രം ശുഭാപ്തി പ്രകടിപ്പിച്ചു.
ജനുവരി 20ന് ഭൂമിയിൽനിന്ന് ഏറ്റവും വിദൂരമായ പോയന്റായി കരുതപ്പെടുന്ന ഏകദേശം 14 ലക്ഷം കിലോമീറ്റർ അകലെ പേടകം എത്തും. യു.എ.ഇ ചാന്ദ്രദൗത്യ സംഘം ഭൂമിയിൽനിന്ന് റാശിദ് റോവറിന്റെ സംവിധാനങ്ങളും ഉപകരണങ്ങളും ഉൾപ്പെടെ എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനകം റോവറുമായി 220 മിനിറ്റ് ആശയവിനിമയം ടീമംഗങ്ങൾ പൂർത്തിയാക്കിയിട്ടുമുണ്ട്. എൻട്രി, ഡിസെന്റ്, ലാൻഡിങ് (ഇ.ഡി.എൽ) എന്ന ചന്ദ്രനിൽ ഇറങ്ങുന്ന ഘട്ടത്തിനുവേണ്ട മുന്നൊരുക്കങ്ങളും ഇറങ്ങിയശേഷം നടത്തേണ്ട പ്രവർത്തനങ്ങളും സംബന്ധിച്ച ആലോചനകളും സംഘം നടത്തിക്കൊണ്ടിരിക്കയാണ്. 2023 ഏപ്രിലോടെ വിജയകരമായി പേടകം ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എസിലെ േഫ്ലാറിഡ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് റോവർ വിക്ഷേപിച്ചത്. ചൊവ്വ ദൗത്യം വിജയകരമായി നടപ്പാക്കിയതിന് പിന്നാലെയാണ് ചരിത്രമെഴുതി റാശിദിന്റെ കുതിപ്പ്. ഐ സ്പേസ് നിർമിച്ച ‘ഹകുട്ടോ-ആർ മിഷൻ -1’ എന്ന ജാപ്പനീസ് ലാൻഡറിലാണ് ‘റാശിദി’ന്റെ സഞ്ചാരം. സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റാണ് ‘റാശിദി’നെ വഹിക്കുന്നത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും.
ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും. ബഹിരാകാശ മേഖലക്കപ്പുറം ദേശീയ, ആഗോള സമ്പദ്വ്യവസ്ഥയിലെ വിവിധ സുപ്രധാന മേഖലകളിലും യു.എ.ഇക്ക് ദൗത്യവിജയം നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇയിലെ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി മേഖലയിലെ ഗവേഷണവും വികസനവും ശക്തമാക്കാൻ ലക്ഷ്യമിടുന്ന ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി ഫണ്ടാണ് ദൗത്യത്തിന് ധനസഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.