ന്യൂക്ലിയർ ഫ്യൂഷനിലൂടെ ഊർജോൽപാദനം; നിർണായക നേട്ടവുമായി യു.എസ് ശാസ്ത്രജ്ഞർ

വാഷിങ്ടൺ ഡി.സി: ലോകത്തിന്‍റെ ഊർജലഭ്യതക്കുറവ് പരിഹരിക്കുന്നതിൽ അതിനിർണായകമായേക്കാമെന്ന് കരുതുന്ന ശാസ്ത്ര നേട്ടവുമായി യു.എസ് ഗവേഷകർ. ന്യൂക്ലിയർ ഫ്യൂഷനിലൂടെ (അണുസംയോജനം) ആദ്യമായി ഉർജോൽപാദനം സാധ്യമാക്കിയിരിക്കുകയാണ് കലിഫോർണിയയിലെ ലോറന്‍സ്‌ ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യു.എസ് ഡിപാർട്ട്മെന്‍റ് ഓഫ് എനർജി ചൊവ്വാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


നിലവിലെ ആണവ റിയാക്ടറുകളിൽ ഊർജം ഉൽപാദിപ്പിക്കുന്നത് ന്യൂക്ലിയർ ഫിഷൻ (അണുവിഘടനം) പ്രക്രിയയിലൂടെയാണ്. ഒരു അണുവിനെ വിഘടിപ്പിച്ച് ഊർജം സ്വതന്ത്രമാക്കുന്ന രീതിയാണിത്. അതേസമയം, സൂര്യനിൽ ഉർജോൽപാദനം നടക്കുന്ന രീതിയാണ് ന്യൂക്ലിയർ ഫ്യൂഷൻ. ഒന്നിലേറെ അണുകേന്ദ്രങ്ങൾ കൂടിച്ചേരുന്ന ഈ പ്രക്രിയയിലും വൻതോതിൽ ഊർജം സ്വതന്ത്രമാകും. ഊ ഊർജത്തെ ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.


ഏറെക്കാലം നീണ്ടുനിൽക്കുന്ന റേഡിയോ ആക്ടീവതയുള്ള മാലിന്യങ്ങൾ ന്യൂക്ലിയർ ഫ്യൂഷനിലൂടെ ഉണ്ടാകുന്നില്ലെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. 'ക്ലീൻ എനർജി' (ശുദ്ധ ഊർജം) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഭാവിയിൽ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത്‌ ഒഴിവാക്കാനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പുതിയ കണ്ടുപിടിത്തത്തെ ഊർജാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ വികസിപ്പിച്ചെടുക്കാൻ വർഷങ്ങളെടുത്തേക്കും.


യു.എസ് എനർജി സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോം ചൊവ്വാഴ്ച പുതിയ നേട്ടം സംബന്ധിച്ച പ്രഖ്യാപനം നടത്തും. അണുസംയോജനത്തിലൂടെയുള്ള ഊർജോൽപ്പാദനത്തിന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ കാലങ്ങളായി ഗവേഷണത്തിലാണ്. യൂറോപ്യൻ രാജ്യങ്ങളും ചൈനയും ഈ മേഖലയിൽ സജീവമാണ്. 

Tags:    
News Summary - US scientists reach long-awaited nuclear fusion breakthrough, source says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.