ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമം ശനിയാഴ്ചത്തേക്ക് മാറ്റി. നേരത്തേ വെള്ളിയാഴ്ച ഈ പ്രക്രിയ നടത്തുമെന്നായിരുന്നു ഐ.എസ്.ആർ.ഒ അറിയിച്ചിരുന്നത്.
എന്നാൽ സ്ലീപ്പിങ് മോഡിൽ ഉള്ള ഉപകരണങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ശനിയാഴ്ചയാണ് നടത്തുകയെന്ന് ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ നിലേഷ് ദേശായ് പറഞ്ഞു. നേരത്തേ 300 മുതൽ 350 മീറ്റർ വരെ റോവറിനെ ചലിപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും 105 മീറ്റർ ആണ് സഞ്ചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് വിക്ഷേപിച്ചത്. ആഗസ്റ്റ് 23നാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഭൂമിയിലെ 14 ദിവസങ്ങൾക്ക് സമാനമായ സൂര്യപ്രകാശമുള്ള ഒരു ചാന്ദ്രദിവസമാണ് ലാൻഡറും റോവറും ചന്ദ്രനിൽ എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയത്. ചന്ദ്രനിൽ രാത്രിയായതോടെ സെപ്റ്റംബർ രണ്ടിനാണ് ലാൻഡറിനെയും റോവറിനെയും നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറ്റിയത്.
14 ദിവസം നീണ്ട രാത്രിക്ക് ശേഷം ബുധനാഴ്ച ചന്ദ്രനിൽ സൂര്യൻ ഉദിച്ചിട്ടുണ്ട്. ഉപകരണങ്ങൾ ഉള്ള ഭാഗത്ത് ശരിയായ രൂപത്തിൽ സൂര്യപ്രകാശം എത്തിച്ചേർന്നതിനുശേഷം ഇവ വീണ്ടും പ്രവർത്തിച്ചുതുടങ്ങുമോ എന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.