ചന്ദ്രയാൻ രണ്ട് പേടകത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും

ചന്ദ്രയാൻ ഒന്നിനും രണ്ടിനും സംഭവിച്ചത്...?; പ്രതീക്ഷയോടെ ചന്ദ്രയാൻ മൂന്ന് ദൗത്യം -VIDEO

ചന്ദ്രന്റെ അകത്തളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ കലവറ കണ്ടെത്താനുള്ള ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ മൂന്ന്. 2008ലും 2019ലും രണ്ട് ദൗത്യങ്ങൾക്ക് ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒ നേതൃത്വം നൽകിയിട്ടുണ്ട്. 2008 ഒക്ടോബർ 22നായിരുന്നു ആദ്യ ദൗത്യമായ ചന്ദ്രയാൻ ഒന്ന്. ബഹികരാകാശത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറിയ ചന്ദ്രയാൻ ഒന്ന് ശാസ്ത്രീയമായും സാങ്കേതികമായും 100 ശതമാനം വിജയം കൈവരിച്ചു.

Full View

ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച വിലപ്പെട്ട വിവരങ്ങളാണ് ഒന്നാം ദൗത്യത്തിലൂടെ ശാസ്ത്രലോകത്തിന് ലഭിച്ചത്. ഓർബിറ്ററിൽ നിന്ന് വേർപ്പെട്ട ത്രിവർണ പതാക പതിച്ച മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയും പരീക്ഷണം നടത്തി. 10 മാസത്തെ പ്രവർത്തനത്തിന് ശേഷം 2009 ആഗസ്റ്റ് 29ന് ഓർബിറ്ററുമായുള്ള ബന്ധം നഷ്ടമായെങ്കിലും ചന്ദ്രയാൻ ഒന്ന് രാജ്യത്തിന്‍റെ ബഹിരാകാശ പരിശ്രമങ്ങൾക്ക് വലിയ കുതിപ്പാണ് നൽകിയത്. ഈ നേട്ടം ഇന്ത്യയെ അമേരിക്ക, റഷ്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ചാന്ദ്രദൗത്യത്തിൽ ചരിത്രം കുറിച്ച നാലാമത്തെ രാജ്യമാക്കി.

Full View

ആദ്യ ദൗത്യത്തിന് ശേഷം 10 വർഷം കഴിഞ്ഞ് 2019നാണ് രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ രണ്ട് യാഥാർഥ്യമായത്. ചന്ദ്രയാൻ ഒന്നിൽ നിന്ന് വ്യത്യസ്തമായിരുന്നു ചന്ദ്രയാൻ രണ്ട്. പര്യവേക്ഷണ വാഹനമായ വിക്രം ലാൻഡറിനെ ചന്ദ്രനിൽ ഇടിച്ചിറക്കാതെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനായിരുന്നു പദ്ധതി. തുടർന്ന് ലാൻഡറിലുള്ള പ്രഗ്യാൻ റോവറിനെ ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറക്കിയുള്ള പരീക്ഷണമാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിട്ടത്.

ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ചന്ദ്രയാൻ ഒന്നിലെ മൂൺ ഇംപാക്ട് പ്രോബ്

2019 ജൂലൈ 22ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റിലെ ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം വിജയകരമായിരുന്നെങ്കിലും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകാതെ പരാജയപ്പെടുകയായിരുന്നു. 2019 സെപ്റ്റംബർ ഏഴിന് പുലർച്ചെ നടന്ന സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽവെച്ച് ഓർബിറ്ററുമായുള്ള ബന്ധം ലാൻഡറിന് നഷ്ടമായി. ഇതേതുടർന്ന് ചന്ദ്രന്‍റെ ഉപരിതലത്തിൽ ലാൻഡർ ഇടിച്ചിറങ്ങുകയായിരുന്നു. ദൗത്യം പരാജയപ്പെട്ടത് സോഫ്റ്റ്‍വെയർ തകരാർ കാരണമെന്നായിരുന്നു ഐ.എസ്.ആർ.ഒയുടെ കണ്ടെത്തൽ.

ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റിലെ ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം

സോഫ്റ്റ് ലാൻഡിങ് പരാജയം മാറ്റിനിർത്തിയാൽ 95 ശതമാനം വിജയമാണ് ചന്ദ്രയാൻ രണ്ട് ദൗത്യം സമ്മാനിച്ചത്. ചന്ദ്രന്‍റെ 100 കിലോമീറ്റർ അടുത്തുവരെ ഭ്രമണം നടത്തിയ ചന്ദ്രയാൻ രണ്ട് ഓർബിറ്റർ ചന്ദ്രന്‍റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് അയച്ചു. ചന്ദ്രയൻ രണ്ട് പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ ശാസ്ത്രലോകത്തിന്‍റെ വലിയ പ്രശംസയാണ് ഐ.എസ്.ആർ.ഒക്ക് ലഭിച്ചത്.

ചന്ദ്രയാൻ രണ്ട് പകർത്തിയ ചന്ദ്രന്‍റെ ചിത്രം

ഓർബിറ്ററും വിക്രം ലാൻഡറും പ്രഗ്യാൻ റോവറുമായിരുന്നു ചന്ദ്രയൻ രണ്ടിന്‍റെ പ്രധാന ഭാഗങ്ങൾ. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി ലാൻഡർ നഷ്ടമായെങ്കിലും ഭ്രമണപഥത്തിൽ ഇപ്പോഴും ഓർബിറ്റർ പ്രവർത്തന സജ്ജമാണ്. ഈ ഓർബിറ്റർ മൂന്നാം ദൗത്യത്തിൽ ഉപയോഗിക്കാനാകും. നാല് വർഷം പിന്നിടുമ്പോൾ ചന്ദ്രയാൻ രണ്ടിൽ നേരിട്ട തിരിച്ചടികളെ കുറിച്ച് പഠിച്ചും പരിഹാരം കണ്ടുമാണ് മൂന്നാം ദൗത്യമായ ചന്ദ്രയാൻ മൂന്നിന് ഇന്ത്യ തയാറെടുക്കുന്നത്.

ചന്ദ്രയാൻ മൂന്നിലെ ലാൻഡർ


Tags:    
News Summary - What happened to Chandrayaan 1 and Chandrayaan 2...! ISRO again with Chandrayaan 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.